ജെബി മേത്തറുടെ സ്ഥാനാർഥിത്വം: പേയ്മെന്റ് സീറ്റെന്ന് ആർ.എസ്.പി
text_fieldsതിരുവനന്തപുരം: രാജ്യസഭ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ അസ്വാരസ്യങ്ങൾ നിലനിൽക്കെ പേയ്മെന്റ് സീറ്റ് ആരോപണവുമായി യു.ഡി.എഫ് ഘടകകക്ഷിയായ ആർ.എസ്.പി രംഗത്ത്. ജെബി മേത്തർ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആരോപിച്ചു. പാർട്ടിയുടെ യുവജന വിഭാഗമായ ആർ.വൈ.എഫ് സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് അസീസ് ഈ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ മലക്കംമറിഞ്ഞ അസീസ് പേയ്മെന്റ് സീറ്റെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ടു.
ഡി.വൈ.എഫ്.ഐക്കാരനായ റഹീമിനെയാണ് രാജ്യസഭയിലേക്ക് സി.പി.എം കളത്തിലിറക്കിയതെന്ന് അസീസ് പൊതുപരിപാടിയിൽ പറഞ്ഞു. റഹീം പത്ത് വർഷം മുമ്പ് വർക്കലയിൽ സ്ഥാനാർഥിയായി നിന്ന് പരാജയപ്പെട്ട ആളാണ്. ന്യൂനപക്ഷ സമുദായത്തിെൻറ വോട്ട് വാങ്ങാനെന്ന പേരിലാണ് റഹീമിനെ സ്ഥാനാർഥിയാക്കിയത്. അപ്പോഴാണ് അപ്പുറത്ത് കോൺഗ്രസിെൻറ പേരിൽ ഒരുപിടിയാളുകൾ രംഗത്തുവന്നത്. ഒടുവിൽ കിട്ടിയത് ജെബി മേത്തർക്ക്. മേത്തർ കാശ് കൊടുത്ത് വാങ്ങിയെന്നും അസീസ് പറഞ്ഞു.
അസീസിെൻറ പരാമർശത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ അടക്കം കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. അസീസിെൻറ പരാമർശം തരംതാണതാണെന്നും അവജ്ഞയോടെ തള്ളുന്നുവെന്നും കർശന നടപടി വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ആര് പണം കൊടുത്തുവെന്നും ആര് വാങ്ങിയെന്നും അസീസ് തെളിയിക്കണം. യു.ഡി.എഫിൽ പ്രശ്നമുണ്ടാക്കാൻ കുറെക്കാലമായി അസീസ് ശ്രമിക്കുന്നു. അസീസിനെ പ്രേമചന്ദ്രൻ ഉപദേശിക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് പിന്നാലെയാണ് താൻ പേയ്മെന്റ് സീറ്റെന്ന് പറഞ്ഞില്ലെന്ന് വിശദീകരിച്ച് എ.എ. അസീസ് രംഗത്തുവന്നത്. എൽ.ഡി.എഫ് രാജ്യസഭ സ്ഥാനാർഥിയെ നിർദേശിച്ചത് ന്യൂനപക്ഷ സമുദായത്തിൽനിന്നാണ്. യു.ഡി.എഫും ന്യൂനപക്ഷ സമുദായത്തിൽപെട്ട വനിതയെയാണ് തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിൽ പല വാർത്തകളും വരുന്നു. ഇതാണ് താൻ പറഞ്ഞത്. മാധ്യമങ്ങൾക്ക് വിവാദം ആവശ്യമാണ്. അതുകൊണ്ടാണ് പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതെന്നും അസീസ് വിശദീകരിച്ചു.
രാജ്യസഭ സീറ്റ് വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത ഉണ്ടായിരുന്നുവെങ്കിലും ജെബി മേത്തറുടെ സ്ഥാനാർഥിത്വത്തോടെ ആർക്കും പ്രതികരിക്കാൻ കഴിയാത്ത സ്ഥിതി വന്നു. എന്നാൽ യു.ഡി.എഫിെൻറ ഘടകകക്ഷി നേതാവാണ് പരസ്യമായി പേയ്മെന്റ് സീറ്റെന്ന കടുത്ത പരാമർശം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.