ആർ.എസ്.പി നേതാവ് അബ്ദുൽ ഖാദർ അന്തരിച്ചു
text_fieldsകണ്ണൂർ: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും ആർ.എസ്.പി കേന്ദ്ര കമ്മിറ്റിയംഗവുമായ കെ. അബ്ദുൽ ഖാദർ (94) അന്തരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരിയിലെ വസതിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ആർ.എസ്.പി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം, പാർട്ടിയുടെ കണ്ണൂർ ജില്ല സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. 30 വർഷത്തോളമായി തളിപ്പറമ്പ് സർ സയ്യിദ് കോളജിെൻറയും അനുബന്ധ സ്ഥാപനങ്ങളുടെയും ചെയർമാനായി തുടരുന്നു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1974ൽ ഇരിക്കൂറിൽ ഇ.കെ.നായനാർക്കെതിരെയും 1977ൽ കൂത്തുപറമ്പിൽ പിണറായി വിജയനെതിരെയും 1980ൽ കൽപറ്റയിൽ എം.കമലത്തിനെതിരെയുമായിരുന്നു മത്സരം.
കേരള ഫിനാൻഷ്യൽ എൻറർപ്രൈസസ്, കേരള ലേബർ വെൽഫെയർ ബോർഡ്, ഓവർസിസ് എംപ്ലോയീസ് പ്രമോഷൻ കൗൺസിൽ എന്നിവയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലയുടെ ആദ്യ സിൻഡിക്കേറ്റ് അംഗമായിരുന്നു. നാടക,സിനിമ മേഖലകളിലും ആദ്യകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കാലത്ത് ഇരിക്കൂറിൽ അധികാരിയായിരുന്ന കിനാക്കൂൽ ഖാദർ ഹാജിയുടെ മകനായി സമ്പന്ന കുടുംബത്തിലായിരുന്നു ജനനം.
സമ്പന്നതയുടെ വഴിയിൽനിന്നാണ് തൊഴിലാളി വർഗ പ്രസ്ഥാനത്തിെൻറ അമരക്കാരനായത്. ഭാര്യ: കെ.ഫാത്തിമ. മക്കൾ: ഫർഹത്ത്, ഫബീന. മരുമകൻ: അൻവർ (പഴയങ്ങാടി). സഹോദരങ്ങൾ: കെ.മുഹമ്മദ് ഹാജി, ഉസ്സൻ ഹാജി, സലാം ഹാജി, ഖാലിദ് ഹാജി, മൊയ്തു, ഫാത്തിമ, പരേതരായ ശാദുലി ഹാജി, ആയിഷ.
വിടപറഞ്ഞത് കണ്ണൂരിെൻറ സോഷ്യലിസ്റ്റ് മുഖം
കണ്ണൂർ: ചൊവ്വാഴ്ച അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് കെ. അബ്ദുൽഖാദറിേൻറത് സാധാരണക്കാരനുവേണ്ടി മാറ്റിവെച്ച ജീവിതം. സമ്പന്ന കുടുംബപശ്ചാത്തലത്തിൽനിന്ന് സാധാരണക്കാരിലേക്ക് ഇറങ്ങിവന്ന അദ്ദേഹം അടിസ്ഥാന വർഗത്തിെൻറ ശാക്തീകരണത്തിനായാണ് നിലകൊണ്ടത്. ഒപ്പം സ്വന്തം സമുദായത്തിെൻറ പഠന പുരോഗതിക്കും അക്ഷീണം പ്രവർത്തിച്ചു.
അടുപ്പക്കാർ ആദരവോടെ 'കയ്മ്ക്ക' എന്ന് വിളിച്ചിരുന്ന അദ്ദേഹം വിദ്യാഭ്യാസ മേഖലയിൽ നൽകിയ സംഭാവന ചെറുതല്ല. മലബാറിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കാനന്നൂർ ഡിസ്ട്രിക്ട് മുസ്ലിം എജുക്കേഷനൽ സൊസൈറ്റിക്ക് തുടക്കമിട്ടത് അദ്ദേഹത്തിെൻറ കൂടി മുൻകൈയിലാണ്. തളിപ്പറമ്പ് സർ സയ്യിദ് കോളജടക്കം നിരവധി സ്ഥാപനങ്ങൾ ഈ സൊസൈറ്റിയുടെ കീഴിലാണ്. ഇതിെൻറ പ്രസിഡൻറും സർ സയ്യിദ് കോളജ് ഗവേണിങ് ബോഡി ചെയർമാനുമായി 30 വർഷത്തോളം അദ്ദേഹം തുടർന്നു.ആർ.എസ്.പിയുടെ കേന്ദ്രകമ്മിറ്റിയംഗം വരെയായി ഉയർന്ന കെ. അബ്ദുൽഖാദർ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നുതവണ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ''എനിക്ക് നിയമസഭ കാണാനായില്ലെങ്കിലും എനിക്കെതിരെ മത്സരിച്ച് ജയിച്ച മൂന്നുപേരിൽ രണ്ടുപേർ മുഖ്യമന്ത്രിമാരായി. ഒരാൾ മന്ത്രിയുമായി. സന്തോഷിക്കാവുന്ന കാര്യമല്ലേ''– തെരഞ്ഞെടുപ്പ് അനുഭവം പങ്കുവെച്ചപ്പോൾ അബ്ദുൽ ഖാദർ പറഞ്ഞത് ഇതായിരുന്നു. '74ൽ ഇരിക്കൂറിൽ തന്നെ തോൽപിച്ച ഇ.കെ. നായനാരും '77ൽ കൂത്തുപറമ്പിൽ തനിക്കെതിരെ വിജയിച്ച പിണറായി വിജയനും മുഖ്യമന്ത്രിയായതും '80ൽ കൽപറ്റയിൽ തന്നെ തോൽപിച്ച എം. കമലം മന്ത്രിയായതും ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ പറഞ്ഞത്. നാടക, സിനിമ മേഖലയുമായി 1960 -70 കാലത്ത് അദ്ദേഹം നല്ല ബന്ധം പുലർത്തിയിരുന്നു. കെ.പി. ഉമ്മർ, ഷീല എന്നിവരൊക്കെയായി സൗഹൃദം ഉണ്ടായിരുന്നു. കെ.പി. ഉമ്മർ പലവട്ടം ഇദ്ദേഹത്തിെൻറ വീട്ടിൽ താമസിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരനായിരിക്കുേമ്പാൾ തന്നെ നല്ല വായനക്കാരൻ കൂടിയായിരുന്നു കെ. അബ്ദുൽ ഖാദർ. വീട്ടിലെ വലിയ പുസ്തക ശേഖരം ഇതിെൻറ തെളിവാണ്. ബിരുദത്തിന് ചേർന്നുവെങ്കിലും പഠനം പൂർത്തിയാക്കിയില്ല. എന്നാൽ, അനുഭവ പാഠത്തിൽ നിന്ന് ഒട്ടേറെ ഭാഷകൾ പഠിച്ചെടുക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. മലയാളത്തിനുപുറമെ ഉർദു, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നിവയെല്ലാം നന്നായി കൈകാര്യം ചെയ്യുമായിരുന്നു. വിവാഹ ശേഷമാണ് ഇരിക്കൂറിൽനിന്ന് ഭാര്യയുടെ നാടായ പാപ്പിനിശ്ശേരിയിലേക്ക് താമസം മാറിയത്.
കെ. അബ്ദുൽ ഖാദറിന് നാടിെൻറ അന്ത്യാഞ്ജലി
പാപ്പിനിശ്ശേരി: ആർ.എസ്.പിയുടെയും യു.ഡി.എഫിെൻറയും പ്രമുഖ നേതാവായിരുന്ന കെ. അബ്ദുൽ ഖാദറിന് നാട് വിടനൽകി. ചൊവ്വാഴ്ച രാവിലെ മുതൽ പാപ്പിനിശ്ശേരി കാട്ടിലെപള്ളിക്ക് സമീപത്തെ വീട്ടിൽ സമൂഹത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സർവകക്ഷി യോഗത്തിൽ ആർ.എസ്.പി നേതാവ് ഇല്ലിക്കൽ അഗസ്റ്റി അധ്യക്ഷത വഹിച്ചു.
വിവിധ കക്ഷിനേതാക്കളായ പ്രഫ. എ.ഡി. മുസ്തഫ, പി.ടി. മാത്യു (കോൺഗ്രസ്), കെ.വി. ഹാരിസ് (മുസ്ലിം ലീഗ്), സി. രാജൻ (സി.പി.എം), പി. മോഹനൻ (ആർ.എസ്.പി), ബി. ഹംസ ഹാജി (ഐ.എൻ.എൽ), കെ. രവീന്ദ്രൻ (സി.എം.പി), ടി.വി. ഗംഗാധരൻ (സി.പി.ഐ), പള്ളിപ്രം പ്രസന്നൻ (വെൽഫെയർ പാർട്ടി), കെ.ഒ. ഇബ്രാഹിം (എസ്.ഡി.പി.ഐ), അഡ്വ. പി. മഹ്മൂദ് (കണ്ണൂർ മുസ്ലിം എജുക്കേഷൻ അസോസിയേഷൻ), സി.കെ.എ. ജബ്ബാർ (ജമാഅത്തെ ഇസ്ലാമി), നാസർ ഹാജി (എസ്.വൈ.എസ്), എൻ.കെ. അബ്ദുസലാം (സർ സയ്യിദ് കോളജ്), സി.പി. റഷീദ്, സി.എച്ച്. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ്, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സതീശൻ പാച്ചേനി, എ.ഡി. മുസ്തഫ, അബ്ദുൽ കരീം ചേലേരി, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാൻ പാപ്പിനിശ്ശേരിയിലെ വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.