കെ.സി.എസ്. മണിയുടെ ഭാര്യ വി. ലളിതമ്മാൾ
text_fieldsഅമ്പലപ്പുഴ: തിരുവിതാംകൂറിലെ ദിവാൻ ഭരണത്തിന് അന്ത്യംകുറിക്കാൻ കാരണക്കാരനും ആർ.എസ്.പി നേതാവുമായ അമ്പലപ്പുഴ കോനാട്ടുമഠത്തിൽ പരേതനായ കെ.സി.എസ്. മണിയുടെ ഭാര്യ വി. ലളിതമ്മാൾ (77) നിര്യാതയായി. അമ്പലപ്പുഴയിലെ കുടുംബവീട്ടിൽ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് അമ്പലപ്പുഴ ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ. മക്കളില്ല.
തമിഴ്നാട്ടിലെ തെങ്കാശി തമിഴ് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. 24ാം വയസ്സിൽ 40 വയസ്സുള്ള കെ.സി.എസ്. മണിയെ തമിഴ്നാട്ടിലെ വള്ളിയൂർ വെച്ച് വിവാഹം കഴിച്ചു. വിവാഹം കഴിക്കുമ്പോൾ ദിവാൻ സർ സി.പിയെ വെട്ടിയ ആളാണെന്ന് ലളിതമ്മാൾ അറിഞ്ഞിരുന്നില്ല. മണിയുടെ രാഷ്ട്രീയകാര്യങ്ങളിൽ ലളിതമ്മാൾ ഇടപെട്ടിരുന്നില്ല. ലളിതമ്മാളിനെ വിവാഹം കഴിക്കുമ്പോൾ അമ്പലപ്പുഴ പഞ്ചായത്ത് അംഗവും പത്രപ്രവർത്തകനുമായിരുന്നു മണി.
1987 സെപ്റ്റംബർ 20ന് 66ാം വയസ്സിൽ മണിയുടെ മരണശേഷം ഉചിതമായ സ്മാരകം നിർമിക്കാൻ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിൽ ലളിതമ്മാൾ തന്നെ മുൻകൈയെടുത്ത് പണംമുടക്കി വീട്ടുമുറ്റത്ത് സ്മാരകം പണിതു. എ.കെ. ആൻറണിയെ കൊണ്ട് ഇതിെൻറ സമർപ്പണവും നടത്തി. ഷിബു ബേബി ജോണിെൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.ആർ. ഗൗരിയമ്മ, എം.വി. രാഘവൻ എന്നിവരും പങ്കെടുത്തിരുന്നു.
സഹോദരി പുഷ്പയോടും ഇവരുടെ മക്കളായ രാജേഷ്, ഗണേഷ് എന്നിവരോടൊപ്പം അമ്പലപ്പുഴയിലെ കെ.സി.എസ്. മണിയുടെ കുടുംബവീട്ടിലായിരുന്നു താമസം. മറ്റുസഹോദരങ്ങൾ: ഭാഗിരഥി, ലക്ഷ്മി, രാഗം, മണി. മാതാവ് ശാരദ കായംകുളംകാരിയാണ്. പിതാവ് തമിഴ്നാട് തെങ്കാശി വെങ്കിട്ട രാമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.