ആർ.എസ്.പിയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു; ഷിബു ബേബിജോൺ സംസ്ഥാന സെക്രട്ടറിയാകും
text_fieldsതിരുവനന്തപുരം: സംസ്ഥാന ആർ.എസ്.പിയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ മുൻമന്ത്രി ഷിബു ബേബിജോൺ പിൻഗാമിയാകും. ഫെബ്രുവരി ആദ്യം ചേരുന്ന സംസ്ഥാന കമ്മിറ്റിയോടെ നേതൃമാറ്റത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകും.
ഒക്ടോബറിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അസീസിനെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചത്. ഷിബു ബേബിജോണിനെ പരിഗണിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യം ഉയർന്നിരുന്നെങ്കിലും തുടരാനുള്ള ആഗ്രഹം അസീസ് അറിയിച്ചതിനാൽ മാറ്റം ഒഴിവാക്കുകയായിരുന്നു. മത്സരത്തിനില്ലെന്ന് ഷിബു ബേബിജോൺ വ്യക്തമാക്കുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ അസീസിന് പകരക്കാരൻ വേണമോയെന്ന് ദേശീയസമ്മേളനം കഴിഞ്ഞശേഷം ആലോചിക്കാമെന്ന് അന്നുതന്നെ പാർട്ടിയിൽ ധാരണയുമായിരുന്നു. ദേശീയ സമ്മേളനത്തിനു ശേഷം ചേർന്ന സംസ്ഥാനസമിതി യോഗത്തിൽ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത എ.എ. അസീസ് അറിയിക്കുകയായിരുന്നു.
ടി.കെ. ദിവാകരൻ അനുസ്മരണവും ബേബിജോൺ അനുസ്മരണവും മുൻനിർത്തി ഈ മാസം നടക്കുന്ന പാർട്ടി പരിപാടികൾ അവസാനിച്ചശേഷം ഫെബ്രുവരിയിൽ സംസ്ഥാന കമ്മിറ്റി ചേർന്ന് സെക്രട്ടറിയുടെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് പൊതുധാരണ. നേതൃമാറ്റം എങ്ങനെ നടപ്പാക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചശേഷമായിരിക്കും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുക. പാർട്ടിക്ക് ചടുലമായ നേതൃത്വം നൽകാൻ ഷിബു ബേബിജോണിന് കഴിയുമെന്നാണ് വിലയിരുത്തൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.