‘പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആർ.എസ്.എസ് ഏജന്‍റ്’: തൃശ്ശൂരിൽ ടി.എൻ. പ്രതാപനെതിരെ പോസ്റ്റർ
text_fieldsതൃശ്ശൂർ: കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ടി.എൻ പ്രതാപനെതിരെ തൃശ്ശൂരിൽ പോസ്റ്റർ. പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആർ.എസ്.എസ് ഏജന്‍റ് ടി.എൻ പ്രതാപനെ ഒറ്റപ്പെടുത്തുക എന്നാണ് സേവ് കോൺഗ്രസ് ഫോറത്തിന്‍റെ പേരിലുള്ള പോസ്റ്ററിൽ പറയുന്നത്. തെരഞ്ഞെടുപ്പിലേറ്റ പരാജയം കെ.പി.സി.സി ഉപസമിതി അന്വേഷിക്കാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പ്രതാപനെതിരെ മൂന്ന് പോസ്റ്ററുകളാണ് ഇന്ന് നഗരത്തിൽ പ്രചരിച്ചത്. ആർ.എസ്.എസ്, സംഘപരിവാർ ഏജന്‍റ് ടി.എൻ. പ്രതാപനെ പാർട്ടിയിൽനിന്ന് പുറത്താക്കുക - പ്രതാപൻ കോൺഗ്രസിന്‍റെ ശാപം, പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുക, പ്രതാപനെ ഒറ്റപ്പെടുത്തുക എന്നിങ്ങനെയാണ് പ്രതാപനെതിരെ ഉയർന്ന പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. തൃശ്ശൂർ പ്രസ് ക്ലബിനു മുന്നിലും ഡി.സി.സി ഓഫിസിനു സമീപത്തുമാണ് പോസ്റ്ററുകൾ പതിച്ചത്. ഡി.സി.സി ഓഫിസിനു സമീപത്തെ പോസ്റ്റർ കോൺഗ്രസ് പ്രവർത്തകർ മാറ്റി.
കഴിഞ്ഞദിവസം വി.കെ.ശ്രീകണ്ഠൻ ഡി.സി.സി പ്രസിഡന്‍റിന്‍റെ താൽക്കാലിക സ്ഥാനം ഏറ്റെടുത്ത ശേഷം ഡി.സി.സിയുടെ മതിലുകളിൽ കോൺഗ്രസിനെതിരായ പോസ്റ്ററുകൾ പതിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പരസ്പരം കരിവാരിത്തേക്കുന്ന പ്രവൃത്തിയിൽ നേതാക്കൾ ഏർപ്പെടരുതെന്നും ശ്രീകണ്ഠൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തമ്മിൽത്തല്ല് രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കെ.സി. ജോസഫിന്‍റെ നേതൃത്വത്തിലാണ് ഉപസമിതി ഇന്ന് ഡി.സി.സി ഓഫിസിലെത്തുന്നത്. ആദ്യഘട്ടത്തിൽ മുതിർന്ന നേതാക്കളുമായും ഉച്ചതിരിഞ്ഞ് ബ്ലോക്ക് പ്രസിഡന്‍റുമാർ, മണ്ഡലം പ്രസിഡന്‍റുമാർ അടക്കമുള്ള നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. മണ്ഡലത്തിൽ പാർട്ടിക്കേറ്റ തിരിച്ചടിയും ബി.ജെ.പിക്ക് വോട്ടു വർധിച്ചതും ചർച്ച ചെയ്യും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.പിയായ പ്രതാപനെ മാറ്റിയാണ് കെ. മുരളീധരനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ബി.ജെ.പിയുടെ സുരേഷ് ഗോപി 74,686 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. എൽ.ഡി.എഫിന്‍റെ വി.എസ്. സുനിൽകുമാറിനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് മുരളീധരൻ പിന്തള്ളപ്പെട്ടു. നേരത്തെ ഇടത് വോട്ടുകൾ ബി.ജെ.പിക്ക് മറിഞ്ഞെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.