ആർ.എസ്.എസ്-അജിത് കുമാർ ബാന്ധവം കേരളത്തെ അപകടത്തിലാക്കും -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: ആർ.എസ്.എസിന്റെ പ്രധാന നേതാക്കളുമായി എ.ഡി.ജി.പി അജിത് കുമാർ പലവട്ടം രഹസ്യ ചർച്ചകൾ നടത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ട് ഞെട്ടലുളവാക്കുന്നതാണെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി. കേരളത്തിൽ സംഘ്പരിവാറിന്റെ വളർച്ചക്കായി നേതൃപരമായ പങ്കുവഹിക്കുന്ന ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേയുമായും സംഘടനയുടെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്ന രാം മാധവുമായും പൊലീസ് മേധാവി കൂടിക്കാഴ്ച നടത്തിയത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
അസം, ത്രിപുര തുടങ്ങി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിലും കാവിരാഷ്ട്രീയത്തിന്റെ വിളവെടുപ്പിന് തന്ത്രങ്ങൾ മെനയാനും ആ പ്രദേശങ്ങൾ വർഗീയ സംഘർഷങ്ങളുടെ ഭൂമികയായി മാറ്റിയെടുക്കാനും രാംമാധവ് വഹിച്ച പങ്ക് എല്ലാവർക്കും അറിയാം. കേരളത്തെ സംഘർഷ ഭൂമിയാക്കി മാറ്റി സംഘ്പരിവാറിന് അനുകൂല സാഹചര്യമൊരുക്കാനുള്ള നീക്കം അത്യന്തം അപകടകരമാണ്. കാവിരാഷ്ട്രീയത്തിന്റെ ആർ.എസ്.എസ് മുഖങ്ങളായ ഈ നേതാക്കളെ ചെന്നു കാണാനും രഹസ്യബന്ധം സ്ഥാപിക്കാനും അജിത് കുമാർ നടത്തിയ നിഗൂഢനീക്കങ്ങളെ ക്കുറിച്ച് ആഴത്തിൽ അന്വേഷിക്കേണ്ടതുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നടത്തിയ മുന്നേറ്റത്തിന് പിന്നിൽ ഈ പൊലീസ് മേധാവിയുടെ സംഭാവന ചെറുതായിരിക്കില്ല. പൂരം കലക്കി സുരേഷ് ഗോപിക്ക് അനുകൂലമായി തൃശ്ശൂരിനെ പരുവപ്പെടുത്താനും ക്രൈസ്തവരിൽ ഒരു വിഭാഗത്തെ സംഘ്പരിവാറിനോട് അടുപ്പിക്കാനും അജിത് കുമാർ വഹിച്ച പങ്ക് അന്വേഷണ വിധേയമാക്കണം. ഹിന്ദുത്വ പ്രതിനിധാനം ചെയ്യുന്ന വർഗീയ ഫാസിസത്തെ നേരിടുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഇടതുപക്ഷത്തിന് ഇത്തരം പൊലീസ് ഉദ്യോഗസ്ഥരുമായി മുന്നോട്ടുപോവാൻ ആവില്ലെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.