എസ്.ഡി.പി.ഐ നേതാവിനുനേരെ ആർ.എസ്.എസ് വധശ്രമം: ഗൂഢാലോചന അന്വേഷിച്ച് പൊലീസ്
text_fieldsമണ്ണഞ്ചേരി (ആലപ്പുഴ): എസ്.ഡി.പി.ഐ നേതാവും മണ്ണഞ്ചേരി പഞ്ചായത്ത് അംഗവുമായ നവാസ് നൈനക്ക് നേരെ വധശ്രമമുണ്ടായതിനെ തുടർന്ന്, സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന്റ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു. ആക്രമണത്തിന്‍റെ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയാണ് മാരകായുധങ്ങളുമായി രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായത്.
ആർ.എസ്.എസ് പ്രവർത്തകരായ മണ്ണഞ്ചേരി പുതുവൽ അമ്പനാകുളങ്ങര ബിറ്റു എന്ന (സുമേഷ്-40), മണ്ണഞ്ചേരി പൊന്നാട് ലക്ഷ്മിഭവൻ ശ്രീനാഥ് (33) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം തടഞ്ഞ എസ്.ഡി.പി.ഐ പ്രവർത്തകൻ നിഷാദ് പതിയാംവീടിന്‍റെ കൈക്ക് വെട്ടേറ്റിരുന്നു. കഴിഞ്ഞ ഡിസംബർ 18ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ (38) ആർ.എസ്.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രദേശത്താണ് വീണ്ടും ആക്രമണമുണ്ടായത്.
മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാർഡ് മെംബറും എസ്.ഡി.പി.ഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്‍റുമായ നവാസ് നൈനയെയാണ് (40) കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന നിഷാദ് വടിവാൾ തട്ടിമാറ്റിയപ്പോഴാണ് കൈക്ക് വെട്ടേറ്റത്. ഇയാൾ മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
ഞായറാഴ്ച രാത്രി 11.30ന് അഞ്ചാം വാർഡ് അമ്പലക്കടവ് ഭാഗത്തായിരുന്നു സംഭവം. റോഡിനോട് ചേർന്ന് സംശയാസ്പദമായ രീതിയില്‍നിന്ന ആര്‍.എസ്.എസ് സംഘത്തോട് ആരാണെന്ന് ചോദിച്ചതോടെ നവാസ് നൈനയെ ഇവര്‍ വാൾ ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. മതിലിന്റെ മറവില്‍ നിന്നിരുന്ന പ്രതികളിലൊരാളാണ് നവാസിനെ വെട്ടാന്‍ ശ്രമിച്ചത്.
ഈ സമയത്ത് നവാസിനൊപ്പമുണ്ടായിരുന്ന നിഷാദ് വെട്ട് തടയുകയായിരുന്നു. പ്രതികളിൽ ഒരാളായ സുമേഷിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഓടിരക്ഷപ്പെട്ട ശ്രീനാഥിനെ വീട്ടിൽനിന്നാണ് പിടികൂടിയത്.
സംഭവശേഷം തോട്ടിൽ ഉപേക്ഷിച്ച രണ്ട് വടിവാളുകളും പൊലീസ് കണ്ടെടുത്തു. എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു. 324, 308 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.