തുഷാർ ഗാന്ധിയെ തടഞ്ഞ് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ; ‘ആർ.എസ്.എസ് മൂർദാബാദ് എന്നും ഗാന്ധിജിക്ക് ജയ് വിളിച്ചും പ്രതിരോധം’
text_fieldsമുദ്രാവാക്യം വിളിക്കുന്ന ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരും തുഷാർ ഗാന്ധിയും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെത്തിയ മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധിയെ തടഞ്ഞ് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം.
രാജ്യത്തിന്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘ്പരിവാറാണ് കാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞത്.നിലപാടിൽ മാറ്റമില്ലെന്നു പറഞ്ഞ് ഗാന്ധിജിക്ക് ജയ് എന്നും ആർ.എസ്.എസ് മൂർദാബാദ് എന്നും വിളിച്ച് തുഷാർ ഗാന്ധി മടങ്ങി.
അതേസമയം, തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍.എസ്.എസ്, ബി.ജെ.പി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ. പി.സി.സി പ്രസിഡൻ്റ്. കെ. സുധാകരനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ,രംഗത്തെത്തി.
ഗാന്ധിയെ നിന്ദിച്ചതിന് തുല്യമെന്ന് വി.ഡി. സതീശൻ
തുഷാര്‍ ഗാന്ധിയെ തടഞ്ഞത് കേരളത്തിന് അപമാനകരമായ സംഭവമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഗാന്ധിയെ നിന്ദിച്ചതിന് തുല്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മതേതര കേരളത്തിന് അപമാനം -കെ. സുധാകരന്‍
നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഗോഡ്‌സെയുടെ പ്രേതമാണ് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ബാധിച്ചിരിക്കുന്നത്.
ഗാന്ധിജിയെ തമസ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതര മണ്ണില്‍ സ്ഥാനമില്ല. മതേതരമൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയായ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച കാന്‍സറാണ് സംഘ്പരിവാര്‍.
അത് പറയുന്നതില്‍ എന്താണ് തെറ്റ്? ഫാസിസത്തിന്റെ വക്താക്കളായ ആര്‍.എസ്.എസും ബി.ജെ.പിയും നടത്തിയത് ഗാന്ധി നിന്ദയാണ്. ഗാന്ധിജിയുടെ ചെറുമകനെ പോലും വെറുതെവിടാത്ത ബി.ജെ.പി ഫാഷിസ്റ്റാണോയെന്ന് ഇനിയെങ്കിലും സി.പി.എം വ്യക്തമാക്കണം. ഹീനമായ ഈ നടപടിക്ക് കേരളത്തിന്റെ മതേതര മനസ്സ് മാപ്പുനല്‍കില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
ധിക്കാരവും മാപ്പില്ലാത്തതുമായ നടപടിയെന്ന് ബിനോയ് വിശ്വം
ഗാന്ധിജിയെ വെടിവെച്ച് കൊന്ന ആ വെടിയുണ്ടയും അതിന് പിറകിലെ ഗോഡ്സെയും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബ്രിട്ടീഷുകാർക്ക് വേണ്ടി നമ്മുടെ എല്ലാ പോരാട്ടങ്ങളെയും ഒറ്റുകൊടുത്തവരാണ് ആർ.എസ്.എസ്. ഗാന്ധിജി ഉയർത്തിപിടിച്ച എല്ലാറ്റിനോടും അവർക്ക് പകയാണ്. അതു കൊണ്ട് മാത്രമാണ് ഗാന്ധിജിയുെ പൗത്രനെ തടയാനുള്ള വിവരക്കേടും ധാർഷ്ട്യവും ധിക്കാരവും മാപ്പില്ലാത്തതുമായ നടപടിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ചെറിയ അകൽച്ചകൾ രാഷ്ട്രീയ മുതലെടുപ്പിന് ആയുധമാക്കുന്നു -തുഷാർ ഗാന്ധി
മനുഷ്യർക്കിടയിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെയും അകൽച്ചകളെയും വിഭജനങ്ങളെയും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് തുഷാർ ഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവുമായി സംവദിച്ചതിന്റെ ശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാപ്പുവിന്റെയും ഗുരുവിന്റെയും സന്ദേശങ്ങൾക്ക് കാലിക പ്രസക്തിയുണ്ട്. ഇത് നാം ഉൾക്കൊള്ളണം. ആളുകളെ യോജിപ്പിക്കുന്നതിൽ ഗുരുവും ബാപ്പുവും പ്രാവർത്തികമാക്കിയ ദർശനങ്ങളെ നമ്മളും ജീവിതത്തിൽ പകർത്തണം. ബാപ്പുവിനെ കർമയോഗിയെന്നും ഗുരുവിനെ ധർമയോഗിയെന്നുമാണ് നാം വിശേഷിപ്പിക്കുന്നത്. ഇവ പരസ്പര പൂരകമാണ്. ബാപ്പു കർമയോഗി മാത്രമായിരുന്നില്ല ധർമയോഗിയുമായിരുന്നു. ഗുരു ധർമയോഗി മാത്രമായിരുന്നില്ല കർമയോഗിയുമായിരുന്നു.
ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളും അടയാളങ്ങളും ചിഹ്നങ്ങളും അണിഞ്ഞ് നടക്കുന്നതാണ് മത ജീവിതമെന്നാണ് പലരുടെയും ധാരണ. യഥാർഥത്തിൽ മതത്തിന്റെ അന്തസ്സത്ത എന്നത് ആധ്യാത്മികതയാണ്. ആധ്യാത്മികത എന്നത് സേവനത്തിൽ കൂടിയാണ് പ്രകടമാകേണ്ടതും സഫലമാകേണ്ടതും. ഇതിനാണ് ബാപ്പുവും ഗുരുവും ശ്രമിച്ചത്. അവർ ഇരുവരും ആധ്യാത്മികതയെ സേവനത്തിൽ കൂടി പ്രയോഗവത്കരിച്ച് സാക്ഷാത്കരിക്കുകയായിരുന്നു.
നവഖൊലിയിലേക്കുള്ള ബാപ്പുവിന്റെ യാത്രയെ തടസ്സപ്പെടുത്താൻ അദ്ദേഹത്തിന്റെ പ്രതിയോഗികൾ വഴിയിൽ മനുഷ്യവിസർജ്യം ഉൾപ്പെടെ വിതറി. എന്നാൽ ബാപ്പുവാകെട്ടെ ഒരു ചൂൽ ഉണ്ടാക്കി മാലിന്യം നീക്കി വഴി ശുചീകരിച്ചാണ് ലക്ഷ്യത്തിലേക്ക് നടന്നുപോയത്. ആധ്യാത്മിക തലത്തിൽ ശുദ്ധീകരണം നടത്താനുണ്ടെന്നാണ് ഇത് നൽകുന്ന പാഠം. മനുഷ്യന് സമസ്ത മേഖലയിലും പല തരത്തിലുള്ള അഴുക്കുകൾ നിറഞ്ഞുനിൽക്കുന്നുണ്ട് എന്നത് നാം തിരിച്ചറിയണം. അതിനെയെല്ലാം ശുചീകരിക്കുന്നതിനുള്ള പരിശ്രമം നടത്തുമ്പോഴാണ് നമ്മുടെ ആധ്യാത്മികതയും സാർഥകമാകുന്നതെന്നും തുഷാർ ഗാന്ധി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.