സഹകരണ സംഘങ്ങൾ ഹിന്ദുത്വക്ക് വഴി തുറക്കുമോ; കേരളത്തിൽ കാലുറപ്പിക്കാനുള്ള ആർ.എസ്.എസ് പദ്ധതിയിങ്ങനെ
text_fieldsസംഘ്പരിവാർ രാഷ്ട്രീയത്തിന് കേരളത്തിൽ ചുവടുറപ്പിക്കാൻ നടപ്പാക്കുന്നത് ദീർഘകാലാടിസഥാനത്തിലുള്ള ബഹുമുഖ പദ്ധതികൾ. ഉത്തരേന്ത്യൻ മാതൃകയിൽ നിന്ന് വ്യത്യസ്തമായി സഹകരണ സംഘങ്ങളിലൂടെയും വനിതാ കൂട്ടായ്മകളിലൂടെയും ചെറുകിട സംരംഭക ഗ്രൂപ്പുകളിലൂടെയും മറ്റും കേരളത്തിൽ സ്വാധീനമുറപ്പിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ആർ.എസ്.എസിന്‍റെ കാർമികത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതികൾ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലടക്കം വലിയ തോതിൽ വ്യാപിച്ചിട്ടുണ്ടെന്ന് 'ദ ന്യൂസ് മിനുറ്റ്' റിപ്പോർട്ട് ചെയ്തു.
ആർ.എസ്.എസിന്‍റെ കീഴിലുള്ള 'സഹകാർ ഭാരതി'യാണ് ഇത്തരം സഹകരണ സംഘങ്ങൾക്ക് നേതൃത്വം നൽകുന്നത്. 10 മുതൽ 20 വരെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് സ്വയം സഹായ ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ഇത്തരം സംഘങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
കുടുംബശ്രീക്ക് ബദലായി അക്ഷയശ്രീ
'സഹകാർ ഭാരതി'യുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകളാണ് അക്ഷയശ്രീ. എൻ.ജി.ഒ ആയി പ്രവർത്തിക്കുന്ന അക്ഷയശ്രീയെ കുടുംബശ്രീക്ക് ബദലായി ഉയർത്തികൊണ്ടുവരാനാണ് ശ്രമം. ഇത്തരം സ്വയം സഹായ സംഘങ്ങളെ ചേർത്ത് കോപറേറ്റീവ് സൊസൈറ്റികൾ രൂപീകരിച്ച് ബഹുമുഖ പ്രവർത്തനങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ലഭ്യമായ കണക്കുകൾ അനുസരിച്ച് 7300 അക്ഷയശ്രീ സ്വയം സഹായ സംഘങ്ങൾ കേരളത്തിലുണ്ട്. 1.4 ലക്ഷം അംങ്ങളാണ് ഈ സംഘങ്ങളിലായുള്ളത്.
ഈ സംഘങ്ങൾ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ചെറു ചായക്കടകൾ, തയ്യൽ, ചെറുകിട ഉൽപാദന കേന്ദ്രങ്ങൾ, മസാലപൊടി നിർമാണം തുടങ്ങി പലഹാരങ്ങളുണ്ടാക്കി കടകളിലും വീടുകളിലും വിൽപന നടത്തുന്നതു വരെയുള്ള വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് അക്ഷയശ്രീ കൂട്ടായ്മകൾ നടത്തുന്നത്.
രാഷ്ട്രീയ ചായ് വുകളോ സംഘ്പരിവാർ ബന്ധമോ വ്യക്തമാക്കാതെയാണ് സഹകരണ സംഘങ്ങൾ തുടങ്ങുന്നതെങ്കിലും ഭജന, പ്രാർഥനകൾ, രാഷ്ട്രീയ ചർച്ചകൾ എന്നിവയും ഈ കൂട്ടായ്മകൾ നടത്തുന്നുണ്ട്. ഇതിലൂടെ ആർ.എസ്.എസ്. സ്വാധീനം വർധിപ്പിക്കുകയും ബി.ജെ.പിയുടെ വോട്ട് ബാങ്ക് രൂപപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്. അക്ഷയശ്രീ സംഘം രൂപീകരിച്ചതിന് ശേഷം തെരഞ്ഞെടുപ്പുകളിൽ സജീവമാണെന്ന് കരിക്കകം അക്ഷയശ്രീ സെക്രട്ടറി മഞ്ജുള പറഞ്ഞതായി ന്യൂസ് മിനുറ്റ് റിപ്പോർട്ട് ചെയ്തു. '2015 മുതൽ ഞങ്ങളുടെ വാർഡ് മെമ്പർ എൻ.ഡി.എ സ്ഥാനാർഥിയാണ്. നേരത്തെ സി.പി.എം സ്ഥാനാർഥിയായിരുന്നു ഇവിടെ ജയിച്ചിരുന്നത്' -മഞ്ജുള പറഞ്ഞു.
'ശബരിമലയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ലേ. പുതു തലമുറക്ക് നമ്മുടെ സംസ്കാരം നഷ്ടപ്പെടുകയാണ്. അങ്ങനെ പല കാരണങ്ങളുണ്ട്, നമ്മൾ രാഷ്ട്രീയമായി ശക്തരാകേണ്ടതുണ്ട്. വനിതാ ശാക്തീകരണത്തിന് രാഷ്ട്രീയമായ അവബോധം നല്ലതാണ്. ഞങ്ങൾ യോഗം ചേരുേമ്പാൾ പുരാണ ഗ്രന്ഥങ്ങൾ ചർച്ച ചെയ്യുകയും ബജനകൾ ചൊല്ലുകയും ചുറ്റിലും സംഭവിക്കുന്നതൊക്കെ ചർച്ച ചെയ്യുകയും ചെയ്യാറുണ്ട്' -തൃശൂരിൽ നിന്നുള്ള അക്ഷയശ്രീ അംഗം ശോഭ പറയുന്നു.
വിപുലമാകുന്ന സമൃദ്ധി സ്റ്റോറുകൾ
അക്ഷയശ്രീ കൂട്ടായ്മകളുടെ ഉൽപന്നങ്ങൾ വിൽക്കുവാനുള്ള കേന്ദ്രങ്ങൾ എന്ന രൂപത്തിലായിരുന്നു സമൃദ്ധി സ്റ്റോറുകളെ ആർ.എസ്.എസിന്‍റെ സഹകാർ ഭാരതി അവതരിപ്പിച്ചത്. എന്നാൽ, ഇത് പിന്നീട് സൂപ്പർമാർക്കറ്റുകളാകുകയായിരുന്നു. വിവിധ അക്ഷയശ്രീകൾ ചേർന്ന് കോപറേറ്റീവ് സൊസൈറ്റി രൂപീകരിച്ചാണ് സമൃദ്ധി സ്റ്റോറുകൾ തുറക്കുന്നത്. സി.എ.എ, എൻ.ആർ.സി വിരുദ്ധ സമര കാലത്ത് ബി.ജെ.പിയുടെ വിശദീകരണയോഗങ്ങൾ നടക്കുേമ്പാൾ കടകൾ കൂട്ടമായി അടച്ചു പ്രതിഷേധിച്ചിരുന്നു. ഇതിൽ പ്രകോപിതരായി സമൃദ്ധി സ്റ്റോറുകൾ വർധിപ്പിക്കാനാണ് ആർ.എസ്.എസ് തീരുമാനിച്ചത്. സ്വയം സഹായ കൂട്ടായ്മകളുടെയും കോപറേറ്റീവ് സൊസൈറ്റികളുടെയും ഉടമസ്ഥതയിൽ മാത്രമുണ്ടായിരുന്ന സമൃദ്ധി സ്റ്റോറുകൾ ആർ.എസ്.എസ് അനുകൂലികളായ ധനികരുടെ സഹായത്തോടെ വ്യാപിപ്പിച്ചത് അതിന് ശേഷമാണ്.
2020 ആഗസ്റ്റ്ിൽ കേരളത്തിൽ 24 സമൃദ്ധി സ്റ്റോറുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോഴത് 36 എണ്ണമായി വർധിച്ചിട്ടുണ്ട്. അഞ്ചു വർഷം കൊണ്ട് അത്തരത്തിലുള്ള 1500 സൂപ്പർ മാർക്കറ്റുകൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
'10-12 സ്വയം സഹായ സംഘങ്ങളെ ചേർത്ത് ഒരു ക്ലസ്റ്റർ രൂപീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത്തരത്തിലുള്ള അഞ്ച് ക്ലസ്റ്ററുകൾ േചർത്ത് ഒരു ഫെഡറേഷൻ രൂപീകരിക്കും. ഒാരോ ഫെഡറേഷന്‍റെ കീഴിലും ഒാരോ സമൃദ്ധി സ്റ്റോറുകൾ പ്രവർത്തിക്കുന്നു' - അക്ഷയശ്രീ മരട് റീജണൽ ഫെഡറേഷൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ പറയുന്നു.
രാഷ്ട്രീയ ചായ്വോ ഹിന്ദുത്വ താൽപര്യമോ ഒന്നും പ്രകടമാകാത്ത രൂപത്തിലാണ് ഈ സമൃദ്ധി സ്റ്റോറുകൾ പ്രവർത്തിക്കുന്നത്. അതേസമയം, സംഘാഗങ്ങൾ ഇതിൽ നിന്ന് നാമമാത്ര ലാഭം മാത്രമാണ് എടുക്കുന്നത്. ബാക്കി തുക ആർ.എസ്.എസിന് കീഴിലെ സേവാ ഭാരതി പോലുള്ള സംവിധാനങ്ങളിലൂടെയാണ് ചെലവഴിക്കുന്നത്.
ഹിന്ദു ബാങ്കുകൾ
കമ്പനീസ് ആക്ട് അനുസരിച്ചുള്ള നിധി കമ്പനികളായി രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളാണ് ഹിന്ദു ബാങ്ക്. അംഗങ്ങളുമായി മാത്രം സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവാദമുള്ള സ്ഥാപനങ്ങളാണ്.
ആർ.എസ്.എസിനെ കീഴിലുള്ള സ്വയം സഹായ സംഘങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൂടിയാണ് ഇത്തരം ഹിന്ദു ബാങ്കുകൾ ആർ.എസ്.എസിന്‍റെ കാർമികത്വത്തിൽ കേരളത്തിൽ രൂപീകരിക്കുന്നത്. സംസ്ഥാനത്തെ വായ്പ ഇടപാടുകളെ പോലും വർഗീയ വൽകരിക്കാനാണ് ആർ.എസ്.എസ് ശ്രമമെന്ന് നേരത്തെ തോമസ് ഐസക് ഹിന്ദു ബാങ്ക് സംബന്ധിച്ച് പറഞ്ഞിരുന്നു.
പ്രധാന ഉന്നം വനിതകൾ
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വനിതകൾക്കായി ഒരു കോപറേറ്റീവ് സൊസൈറ്റിയെങ്കിലും രൂപീകരിക്കുക എന്ന ലക്ഷ്യം നടപ്പാക്കാനുള്ള കഠിന പ്രയത്നത്തിലാണ് 'സഹകാർ ഭാരതി'. വനിതകളെ സംഘടിപ്പിച്ച് സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുന്ന പ്രവർത്തനങ്ങൾ 'സഹകാർ ഭാരതി'ക്ക് ഏറെ മുന്നോട്ട് കൊണ്ടുപോകാനായിട്ടുണ്ട്. വായ്പകളും മറ്റു കൊടുക്കൽ വാങ്ങലുകളുമായും വനിതകളിൽ സ്വാധീനമുറപ്പിച്ചാൽ ഇളകാത്ത വോട്ട് ബാങ്ക് രൂപപ്പെടുത്താമെന്നാണ് സംഘപരിവാർ കണക്കുകൂട്ടുന്നത്.
'പല പഞ്ചായത്തുകളിലും ഞങ്ങൾക്ക് നല്ല സ്വാധീനമുണ്ട്. ഇത് വ്യാപിപ്പിക്കാനായാൽ വലിയ നേട്ടമുണ്ടാക്കാനാകും' -പാലക്കാട് ജില്ലയിലെ അക്ഷയശ്രീ അംഗവും വിരമിച്ച അധ്യാപികയുമായ സന്ധ്യ പറയുന്നു.
നീക്കങ്ങൾ; ദീർഘകാല പദ്ധതികൾ
ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തിൽ വേരുറപ്പിക്കാൻ ഉത്തരേന്ത്യൻ മാതൃക മതിയാകില്ലെന്ന തിരിച്ചറിവ് സംഘ്പരിവാറിനുണ്ട്. ജീവിത നിലവാരം മെച്ചപ്പെട്ട ഒരു സംസ്ഥാനമെന്ന നിലക്ക് സാമ്പത്തിക ഇടപാടുകളിൽ സ്വാധീനമുറപ്പിക്കുന്ന ശൈലിയാണ് കേരളത്തിൽ പരീക്ഷിക്കുന്നത്. സ്വയം സഹായ സംഘങ്ങളിലൂടെ പാർട്ടിയോടുള്ള ആശ്രയത്വം വർധിപ്പിക്കുക എന്ന ശൈലി ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുന്നതും ഉറച്ച വോട്ടുബാങ്ക് രൂപപ്പെടുത്തുന്നതുമാണ്.
ഇത്തരം സംഘങ്ങളിലൂടെ നടത്തുന്ന പ്രചരണങ്ങൾക്ക് വലിയ സ്വീകാര്യത കിട്ടുമെന്നതിനാൽ മുഖ്യധാര മാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനങ്ങളിൽ പാർട്ടിക്ക് പരിക്കേൽക്കാതെ പിടിച്ചു നിൽക്കാമെന്ന നേട്ടവുമുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ പയറ്റിയ രീതിയാണ് കോപേററ്റീവ് സൊസൈറ്റികൾ എന്നതിനാൽ സംഘ്പരിവാറിന് ഇത് തീർത്തും അപരിചിതല്ല. കേരളത്തിൽ സി.പി.എം സ്വാധീനം വർധിപ്പിക്കുന്നതിന് ഈ രീതി നേരത്തെ പ്രയോഗിച്ച് വിജയിച്ചതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.