മാനന്തവാടിയിൽ സ്ഥാനാർഥികൾക്ക് ആർ.എസ്.എസ് ബന്ധമെന്ന്; തർക്കം, വിവാദം
text_fieldsകൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിച്ച് മാനന്തവാടി മണ്ഡലത്തിൽ മുന്നണികളിൽ ആർ.എസ്.എസ് ബന്ധം ഉയർത്തി വിവാദം. തങ്ങൾക്ക് സംഘ്പരിവാർ ബന്ധം ഇല്ലെന്ന് സ്ഥാനാർഥികളും മുന്നണിനേതാക്കളും ആണയിടുമ്പോഴും വിവാദം കത്തിക്കാനാണ് ചിലരുടെ ശ്രമം. മുൻകാലങ്ങളിലും മുന്നണികളിൽ ആർ.എസ്.എസ് ബന്ധം തെരഞ്ഞെടുപ്പ് സമയത്ത് ചിലർ പ്രചാരണായുധമാക്കിയിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ. കേളുവിനെതിരെയും യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മിയുടെ ഭർത്താവിനെതിരെയുമാണ് ആർ.എസ്.എസ് ബന്ധം ആരോപിച്ചുള്ള പ്രചാരണം ചിലർ നടത്തുന്നത്.
മുൻ മന്ത്രിയും എ.ഐ.സി.സി അംഗവുമായ ജയലക്ഷ്മിയുടെ ഭർത്താവ് അനിൽകുമാറും ഒ.ആർ. കേളുവും മുൻ ആർ.എസ്.എസുകാരാണെന്നുള്ള ചർച്ച വാട്സ്ആപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനൽ നടത്തിയ തെരഞ്ഞെടുപ്പ് ചർച്ചയിൽ ബി.ജെ.പി നേതാവ് കണ്ണൻ കണിയാരം, കേളു ആർ.എസ്.എസുകാരനായിരുന്നുവെന്ന് പറഞ്ഞിരുന്നു. ജയലക്ഷ്മിയുടെ ഭർത്താവ് അനിൽകുമാറും ആർ.എസ്.എസുകാരനായിരുന്നെന്ന് ഇദ്ദേഹം വ്യക്തമാക്കി.
ഇതിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായതോടെയാണ് പതിയെ പ്രചരിച്ചിരുന്ന ആരോപണങ്ങൾക്ക് ചൂടുപിടിച്ചത്.
കഴിഞ്ഞ ദിവസം ജയലക്ഷ്മി നടത്തിയ വാർത്തസമ്മേളനത്തിൽ സംബന്ധിച്ച ഭർത്താവ് അനിൽകുമാർ, ആദ്യകാലത്ത് ആർ.എസ്.എസ് ബന്ധം ഉണ്ടായിരുന്നുവെന്നും എന്നാൽ, 15 വർഷമായി ഒരു രാഷ്ട്രീയപാർട്ടിയിലും പ്രവർത്തിച്ചിരുന്നില്ലെന്നും ഇപ്പോൾ കോൺഗ്രസുകാരനാണെന്നും വ്യക്തമാക്കിയിരുന്നു.
കണ്ണൻ കണിയാരത്തിെൻറ പ്രസംഗം യൂത്ത് ലീഗ് എടവക പഞ്ചായത്ത് പ്രസിഡൻറ് പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ നേതാക്കൾ പൊലീസിൽ പരാതി നൽകി.
തുടർന്ന് മാനന്തവാടി ഡിവൈ.എസ്.പി വിളിച്ച ചർച്ചയിൽ, യൂത്ത് ലീഗ് നേതാവ് മാപ്പ് പറയണമെന്നും പോസ്റ്റ് പിൻവലിക്കണമെന്നും ആവശ്യമുയർന്നുവെങ്കിലും യു.ഡി.എഫ് നേതൃത്വം തയാറാകാതിരുന്നതോടെ ചർച്ച അലസി. അതേസമയം, സിറ്റിങ് എം.എൽ.എ ഒ.ആർ. കേളുവിനെതിരെ ആർ.എസ്.എസ് ബന്ധം ആരോപിക്കുന്നത് യു.ഡി.എഫിെൻറ പരാജയഭീതി കാരണമാണെന്ന് എൽ.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു.
പരസ്പരം ആർ.എസ്.എസ് ബന്ധം ആരോപിച്ച് ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ വോട്ടുകൾ അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ഇരുമുന്നണിയിലും ഉൾപ്പെട്ട ചിലർ.
ഇരുസ്ഥാനാർഥികളും ആർ.എസ്.എസ് ബന്ധം തള്ളിയ സാഹചര്യമാണിപ്പോൾ. എങ്കിലും, ആർ.എസ്.എസ് ബന്ധം എന്ന വിവാദം ചിലർ ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.