പൊലീസിലെ ആർ.എസ്.എസ് വീണ്ടും ചർച്ചയിൽ
text_fieldsതിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ കേരള പൊലീസിലെ സംഘ്പരിവാർ ഫ്രാക്ഷൻ ആരോപണം വീണ്ടും സജീവ ചർച്ചയിൽ. പിണറായി അധികാരമേറ്റ കാലംമുതൽ ഉയർന്നുകേൾക്കുന്ന ആരോപണം ഭരണപക്ഷ എം.എൽ.എ പി.വി. അൻവർതന്നെ തുറന്നു പറഞ്ഞു. ഇതോടെ ആഭ്യന്തരവകുപ്പും സർക്കാറും സംശയനിഴലിലാണ്. സി.പി.ഐ നേതാവ് ആനിരാജയും സമാന ആരോപണം ഉന്നയിച്ചിരുന്നു. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ഉപയോഗിച്ച് തൃശൂർപൂരം കലക്കിയതിന് തെളിവുണ്ടെന്നാണ് ഭരണപക്ഷ എം.എൽ.എ പറഞ്ഞത്.
അജിത് കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളയുമായി കൂടിക്കാഴ്ച നടത്തിയ സ്ഥലമുൾപ്പെടെ വിശദീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നു. ഇതോടെ, ആർ.എസ്.എസ് ബന്ധത്തിന്‍റെ കാര്യത്തിൽ എ.ഡി.ജി.പി പൂർണമായും പ്രതിരോധത്തിലാണ്.
കണ്ണൂരിലെ രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ ആർ.എസ്.എസ് കേന്ദ്രനേതൃത്വത്തിന്‍റെ ആശീർവാദത്തോടെ യോഗാചാര്യൻ ശ്രീഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ രഹസ്യ കൂടിക്കാഴ്ചയുടെ തുടർച്ചയാണ് പൊലീസിലെ ആർ.എസ്.എസ് സ്വാധീനമെന്നാണ് പൊതുവിൽ ഉയരുന്ന ആക്ഷേപം.
കേരള പൊലീസ് സംഘ്പരിവാർ താൽപര്യങ്ങൾക്ക് കുടപിടിക്കുമ്പോൾ പിണറായി തനിക്കെതിരായ കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽനിന്ന് പൂർണ സംരക്ഷണം ഉറപ്പാക്കി. സ്വർണക്കടത്ത്, മാസപ്പടി അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളാത്തതിന്‍റെ പശ്ചാത്തലവും മറ്റൊന്നല്ല.
പൊലീസിന്‍റെ പല നടപടികളിലും ആർ.എസ്.എസ് വിധേയത്വം കാണാം. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത് ഉദാഹരണമാണ്. തൃശൂർ പൊലീസ് അക്കാദമയിൽ ബീഫ് വിളമ്പുന്നതിന് ഐ.ജി. സുരേഷ് രാജ് പുരോഹിത് വിലക്ക് ഏർപ്പെടുത്തിയത് മറ്റൊന്ന്. സേനയിൽ പരാതി ഉയർന്നിട്ടും അന്ന് ആ ഉദ്യോഗസ്ഥൻ സംരക്ഷിക്കപ്പെട്ടു.
പൂരം കലക്കി തൃശൂരിൽ ബി.ജെ.പി ജയത്തിന് സഹായിച്ചെന്ന് ആരോപണം ഉയർന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെയും പിണറായി സർക്കാർ സംരക്ഷിക്കുകയാണ്. ബി.ജെ.പി നേതാവിനെ കണ്ടതിന് ഇ.പി. ജയരാജന് മുന്നണി കൺവീനർ സ്ഥാനം നഷ്ടമായതിന്‍റെ ചൂടാറും മുമ്പാണിതെന്നതാണ് വൈരുധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.