ആർ.എസ്.എസ് മേധാവി നടത്തിയത് വംശഹത്യയ്ക്കുള്ള പരസ്യ ആഹ്വാനം -റസാഖ് പാലേരി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന്റെ അഭിമുഖം ആർ.എസ്.എസ് ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും കമ്മ്യൂണിസ്റ്റുകൾക്കും എതിരായുള്ള വംശീയ ആക്രമണത്തിനും വംശഹത്യക്കുമുള്ള പരസ്യ ആഹ്വാനമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഇന്ത്യയിലെ ഒരു പൗരന്റെ ജീവിതവും സാമൂഹിക പദവിയും നിശ്ചയിക്കാനുള്ള അധികാരം ആർ.എസ്.എസിന് ആരും നൽകിയിട്ടില്ല. ഭരണഘടനാപരമായ തുല്യതയും സമത്വവും ഉറപ്പുനൽകിയ ഒരു രാജ്യമാണ് ഇന്ത്യ. അതിനു മുകളിൽ കയറി ഉടമസ്ഥത ചമയാൻ ആർ.എസ്.എസ് ശ്രമിച്ചാൽ അംഗീകരിക്കില്ല.
മനുഷ്യന്റെ അഭിമാനത്തിനും അന്തസ്സിനും ഉയർന്ന സ്ഥാനം നൽകിയ ഭരണഘടനയാണ് ഇന്ത്യയുടെത്. അത് അംഗീകരിക്കാത്ത ഏക വിഭാഗം സംഘ്പരിവാർ മാത്രമാണ്. സവർണ ബോധത്തിൽ ജീവിക്കുകയും മനുഷ്യരെ കീഴാളരായി കാണുകയും ചെയ്യുന്ന വികൃത മനോഭാവം കൊണ്ടുനടക്കുന്നവരാണ് അവർ. രാജ്യ സ്വാതന്ത്ര്യത്തേക്കാൾ സവർണ്ണ വംശീയ മേധാവിത്വത്തിന് പ്രാധാന്യം നൽകിയത് കൊണ്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കാൻ ആർ.എസ്.എസിന്റെ മുൻഗാമികൾ തയ്യാറായത്.
മുസ്ലിങ്ങൾ രാഷ്ട്രീയ അവകാശങ്ങൾ ഉപേക്ഷിച്ച് അപമാനകരമായ ജീവിതം നയിച്ചാൽ കഴിഞ്ഞു പോകാം എന്ന ഔദാര്യഭാഷയിലാണ് മോഹൻ ഭഗവത് സംസാരിക്കുന്നത്. രാജ്യത്തിന്റെ അട്ടിപ്പേർ അവകാശം ആർ.എസ്.എസിന്റെ കൈയിലാണെന്ന വികല ചിന്തയാണ് സംഘ്പരിവാറിനെ നയിക്കുന്നത്.
മുസ്ലീങ്ങളെ അധികാരത്തിൽ നിന്നും ജനപ്രാതിനിധ്യത്തിൽ നിന്നും മാറ്റി നിർത്തി കൊണ്ടുള്ള ഭരണമാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് രാജ്യ വ്യവസ്ഥയായി മാറും എന്നാണ് ആർ.എസ്.എസ് മേധാവിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.
2024ലെ പൊതു തെരഞ്ഞെടുപ്പ് മുൻനിർത്തി രാജ്യത്ത് നടത്തേണ്ട വിദ്വേഷ പ്രചാരണത്തിന്റെ മൂല മന്ത്രമാണ് സംഘ്പരിവാർ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർമാർക്ക് ആർ.എസ്.എസ് മേധാവി ഇപ്പോൾ നൽകിയിരിക്കുന്നത്.
ഭരണഘടന നിർമാണ സഭ തള്ളിക്കളഞ്ഞ ഹിന്ദുസ്ഥാൻ എന്ന പ്രയോഗം ആവർത്തിച്ചു പ്രഖ്യാപിച്ച് രാജ്യത്തിന്റെ മേധാവിത്വം നേടിയെടുക്കാനാണ് ആർ.എസ്.എസ് മേധാവി അഹന്ത നിറഞ്ഞ പ്രഖ്യാപനം നടത്തുന്നത്. ഇത്തരത്തിൽ രാജ്യത്ത് കലാപം സൃഷ്ടിച്ച് ന്യൂനപക്ഷ സമൂഹങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിനെതിരെയും ഭൂരിപക്ഷ ഏകീകരണം സൃഷ്ടിച്ചു അധികാര തുടർച്ചയും വംശീയ രാഷ്ട്ര നിർമ്മിതിയും സാധ്യമാക്കാനുള്ള അപകടകരമായ ശ്രമത്തിനെതിരെയും അതിശക്തമായ രാഷ്ട്രീയ സമരത്തിന് ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.