മതാധിഷ്ഠിത ഭരണകൂടം സ്ഥാപിക്കാന്‍ ആര്.എസ്.എസ് ശ്രമിക്കുന്നു -എളമരം കരീം
text_fieldsഗുരുവായൂര്‍: ഭരണഘടന ഭേദഗതി ചെയ്യാതെ തന്നെ ജനാധിപത്യ സംവിധാനത്തെ ദുരുപയോഗിച്ച് മതാധിഷ്ഠിത ഭരണകൂടം സ്ഥാപിക്കാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. മുസ്ലിംകള്ക്കെതിരെ ആസൂത്രിതമായ പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന് സംസ്ഥാന സമ്മേളനം ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലറും മുസോളനിയും ജനാധിപത്യത്തെ ഉപയോഗിച്ച് അധികാരം പിടിച്ചതാണ് ആര്.എസ്.എസിന്റെ മാതൃക. രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതാനാണ് ആര്.എസ്.എസ്. ശ്രമിക്കുന്നത്. മുസ്ലിംകള്ക്കെതിരെ വികാരമുണര്‍ത്താന്‍ ആസൂത്രിതമായ ശ്രമങ്ങളുമുണ്ട്. അവരുടെ ജനസംഖ്യ പെരുകുന്നുവെന്നാണ് ഒരു പ്രചാരണം. ഏറ്റവുമധികം മുസ്ലിംകളുണ്ടായിരുന്ന സംസ്ഥാനമായിരുന്ന ജമ്മു കശ്മീരില്‍ 1.4 ശതമാനമായിരുന്നു ജനസംഖ്യ വര്‍ധനവിന്റെ നിരക്ക്. ഇത് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞതായിരുന്നു. മുസ്ലിംകൾ 24 ശതമാനത്തോളമുള്ള കേരളത്തില്‍ 1.8 ശതമാനം മാത്രമാണ് വര്‍ധനവുള്ളത്. മുത്തലാഖ് നിയമം മുസ്ലിംകളെ ലക്ഷ്യമിട്ടായിരുന്നു. ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, ഗോഹത്യ തുടങ്ങിയ കള്ളപ്രചാരണങ്ങളും നടത്തിവരുന്നുണ്ട്.
ഇംഗ്ലീഷുകാര്‍ക്കെതിരെ പോരാടി മരിച്ച ടിപ്പുവിനെയും ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം വിപ്ലവകാരികള്‍ രാജാവായി അവരോധിച്ച ബഹദൂര്ഷായേയുമൊക്കെ ചരിത്രത്തില്‍ തമസ്കരിക്കുകയാണ്. മലബാര്‍ വിപ്ലവകാരികളെ രക്തസാക്ഷികളില്‍ നിന്ന് വെട്ടിമാറ്റി. കേരളത്തില്‍ ഇതെല്ലാം നടക്കാതെ പോകുന്നത് തൊഴിലാളി വര്‍ഗ മുന്നേറ്റവും കമ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിയ മാനവികതയും മൂലമാണെന്ന് കരീം പറഞ്ഞു. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ടി. കൃഷ്ണന് അധ്യക്ഷത വഹിച്ചു. എന്‍.കെ. അക്ബര്‍ എം.എല്‍.എ, ഫെഡറേഷന് ജനറല്‍ സെക്രട്ടറി എം. സുരേന്ദ്രന്, എന്‍.വി. ചന്ദ്രബാബു, പി.എ. ചന്ദ്രശേഖരന്, സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ്, സി.പി.എം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍, ടി.പി. രാമകൃഷ്ണന്, സി.കെ. വിജയന്, എ.എസ്. മനോജ് എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
'ഗുണ്ട ആരാണെന്ന് ജനത്തിനറിയാം' ഗവർണർ ആര്.എസ്.എസിനെ പ്രീതിപ്പെടുത്തുന്നു
ഗുരുവായൂര്‍: ഗുണ്ട ആരാണെന്ന് ജനത്തിനറിയാമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ചരിത്രകാരന് ഇര്ഫാന് ഹബീബിനെ ഗുണ്ടയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശേഷിപ്പിച്ചതിനെ കുറിച്ചായിരുന്നു കരീമിന്റെ പ്രതികരണം. കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന് സംസ്ഥാന സമ്മേളനം ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പരാമർശം.
ആര്.എസ്.എസിനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ ആ പദവിക്ക് തന്നെ അപമാനമാണ്. സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗവര്‍ണറെ ഉപയോഗിക്കുകയാണ്. ബി.ജെ.പി തന്നെ നിയോഗിച്ച മുന്‍ഗാമി പി. സദാശിവം എങ്ങനെയാണ് ഭരണഘടനാനുസൃതമായി ഗവര്‍ണര്‍ പദവി കൈകാര്യം ചെയ്തതെന്ന് ആരിഫ് മുഹമ്മദ് ഖാന് മനസ്സിലാക്കണമെന്നും എളമരം കരീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.