ശാസ്ത്രബോധത്തിന് നിരക്കാത്ത അന്ധവിശ്വാസം സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നു - പി.കെ.ശ്രീമതി
text_fieldsആലുവ: ശാസ്ത്രബോധത്തിന് നിരക്കാത്ത അന്തവിശ്വാസം സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ആർ.എസ്.എസ് ഉൾപ്പെടെയുള്ള വർഗീയ ശക്തികൾ ശ്രമിക്കുന്നതായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ആരോപിച്ചു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന വനിത കൺവൻഷൻ ആലുവ കെ.എസ്.അമ്മുകുട്ടി നഗറിൽ (പ്രിയദർശിനി ടൗൺഹാൾ) ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. സ്ത്രീകളെ അന്തവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും നയിക്കാൻ ഇത്തരക്കാർ ശ്രമിക്കുകയാണ്. വിശ്വാസത്തിൻറെ പേരിൽ സ്ത്രീകളെ ചൂഷണം ചെയ്യാനും സമൂഹത്തിൽ സ്വാധീനം ഉറപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ച് സമൂഹത്തിൽ വർഗീയ ശക്തികൾ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പുരോഗമന ചിന്താഗതിയുള്ള കേരളത്തിലെ സ്ത്രീകൾ ഇത്തരം ആപത്തുകളിൽ വീഴരുത്.
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ആശയത്തിലേക്ക് സമൂഹത്തെ എത്തിക്കാനുള്ള ആസൂത്രിത നിക്കമാണ് നടക്കുന്നത്. സ്ത്രീ ശക്തിയാണ് രാജ്യത്തിൻറെ ശക്തിയെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ബിൽക്കിസ് ഭാനു കേസിലെ പ്രതികളെ ബി.ജെ.പി സർക്കാർ വെറുതെവിടുന്നു. "ഹിന്ദി, ഹിന്ദു, ഹിന്ദുത്വം'' എന്നതിലൂടെ ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം എന്ന നയത്തിലേക്ക് ആർ.എസ്.എസ് രാജ്യത്തെ മാറ്റിയെടുക്കുന്നു.
രാജ്യം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ഇവർ ശ്രമിക്കുന്നില്ല. രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാകുന്നു. ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വർധിക്കുന്നു. കോവിഡുകാലത്ത് സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്തു. രാജ്യത്തിൻറെ സ്വത്തുക്കളാകെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നിലയിലേക്ക് കേന്ദ്രഭരണം മാറി. ലോക മുതലാളിത്ത രാജ്യങ്ങൾ നടപ്പാക്കുന്ന നവ ഉദാരവൽക്കരണ നയങ്ങൾ തീവ്രമായി ബി.ജെ.പി സർക്കാർ രാജ്യത്ത് നടപ്പാക്കുന്നു. പാചക വാതകത്തിൻറെയും ഇന്ധനത്തിൻറെയും ഉൾപ്പെടെ വിലകുതിച്ചുയരുന്നു. രാജ്യം വലിയ അരാചകത്വത്തിലേക്ക് മാറുകയാണ്. ഇതിനെല്ലാം ബദൽ സൃഷ്ടിക്കുകയാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാറെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.