രണ്ട് പതിറ്റാണ്ട് ആർ.എസ്.എസ് തലപ്പത്ത്; ഇനി സി.പി.എമ്മിനൊപ്പം
text_fieldsകണ്ണൂർ: കണ്ണൂരിൽ രണ്ട് പതിറ്റാണ്ടുകാലം ആർ.എസ്.എസിന്റെ തലപ്പത്ത് നിന്നയാൾ ഇനി സി.പി.എമ്മിനൊപ്പം. ഇരിട്ടി താലൂക്ക് ബൗദ്ധിക്ക് ശിക്ഷക് പ്രമുഖ് പരിക്കളത്തെ എം. ഗിരീഷാണ് കാവിക്കൊടി വിട്ട് ഇനി ചെങ്കൊടിയേന്തുക. സി.പി.എം നുച്ച്യാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഇദ്ദേഹത്തിന് ചെങ്കൊടി കൈമാറി.
ഒ.കെ. വാസുപോലുള്ള നേതാക്കളുടെ പിന്നാലെയാണ് ഇദ്ദേഹവും ആർ.എസ്.എസ് വിട്ട് സി.പി.എമ്മിലെത്തുന്നത്. ഇരിട്ടി ശാഖാ മുഖ്യ ശിക്ഷകിൽ തുടങ്ങി ഇരിട്ടി താലൂക്ക് ബൗദ്ധിക്ക് ശിക്ഷക്ക് പ്രമുഖ് വരെയുള്ള ചുമതലകൾ വഹിച്ച മുതിർന്ന നേതാവാണ് ഗിരിഷ്. ആർ.എസ്.എസിന്റെ ഇരിട്ടി താലൂക്ക് സേവാ പ്രമുഖ് കൂടിയായിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിന്റെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വർഗീയവത്കരണത്തിന്റെയും കാര്യപരിപാടി നടത്തിപ്പുകാരായി ആർ.എസ്.എസ് നേതൃത്വം അധഃപതിച്ചു. കരകയറാൻ പറ്റാത്ത വിധമുള്ള അപചയത്തിലാണ് ഇന്ന് സംഘടനയെന്നും ഇതിൽ മടുത്താണ് രാജിയെന്നും ഗിരീഷ് വ്യക്തമാക്കി.
ഉളിക്കൽ മണ്ഡലം സഹകാര്യവാഹ്, ഖണ്ഡ ശാരീരിക് ശിക്ഷൺ പ്രമുഖ്, ഖണ്ഡകാര്യവാഹ്, താലൂക്ക് സ്വയം വിഭാഗ് കാര്യവാഹ്, താലൂക്ക് സമ്പർക്ക് പ്രമുഖ് എന്നീ പദവികളിലും വിദ്യാർഥിയായിരിക്കെ വിസ്താരക് ചുമതലയിലും പ്രവർത്തിച്ച നേതാവാണ് ഗിരീഷ്. ഇരിട്ടി താലൂക്ക് മൊത്തത്തിലും പടിയൂർ, ഉളിക്കൽ, വള്ളിത്തോട് കേന്ദ്രീകരിച്ചുമായിരുന്നു പ്രവർത്തനം. ആർ.എസ്.എസിന്റെ വിവിധ പരിശീലന പദ്ധതികളിലും നിരവധി തവണ പങ്കെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.