സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന് വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് നേതാവ്; 'ബി.ജെ.പി നേതാക്കൾ മാഫിയ സംഘം'
text_fieldsതിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി നേതാക്കൾ മാഫിയ സംഘമാണെന്ന് ആര്‍.എസ്.എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍. ബാലശങ്കര്‍. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബാലശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കെ.സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാന നേതൃത്വം സി.പി.എമ്മുമായി ഉണ്ടാക്കിയ കച്ചവടത്തിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ ഒഴിവാക്കിയതെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.
എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും ഒരു പോലെ തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിരുന്നു. അതിനൊപ്പം ബി.ജെ.പിക്ക് ഇത്തവണ വിജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂരെന്നും ബാലശങ്കർ പറയുന്നു.
ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവും, എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും എൻ.എസ്.എസും എനിക്കനുകൂലമായി രംഗത്തുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ മണ്ഡലത്തിൽ ബന്ധുമിത്രാദികളടക്കം പതിനായിരം വോട്ടെങ്കിലും ഉണ്ട്. എന്നിട്ടും സീറ്റ് നിഷേധിച്ചതിന് പിന്നിൽ സി.പി.എമ്മും ബി.ജെ.പിയുമായിട്ടുള്ള ഡീലാണ്. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന്‍റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീലെന്നും ബാലശങ്കർ പറയുന്നു.
കോന്നി ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ത്ഥി എന്തിനാണ് ഇപ്പോള്‍ കോന്നിയില്‍ മത്സരിക്കുന്നത്? അതിന്‍റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി പ്രചാരണം നടത്തുക വിഷമകരമാണ്. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാര്‍ത്ഥിയാണ് സുരേന്ദ്രൻ. ബി.ജെ.പിയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കേന്ദ്ര നേതൃത്വത്തിന്‍റെ പൂര്‍ണ്ണ പിന്തുണ ഇക്കാര്യത്തില്‍ തനിക്കുണ്ട്. എന്നിട്ടും സീറ്റ് നിഷേധിച്ചതിന് പിന്നിൽ താന്‍ കേരളത്തില്‍നിന്നു വിജയിക്കുന്നത് തടയണമെന്ന താല്‍പര്യമാണ്. വി. മുരളീധരന്‍ വിഭാഗം കേന്ദ്രത്തെ അന്ധമായി തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
കെ.എം. മാണിയുമായി വ്യക്തിപരമായി വലിയ അടുപ്പമുണ്ടായിരുന്നുവെന്നും, ജോസ് കെ. മാണിയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം സമ്മതിക്കുന്നു. ജോസ് കെ. മാണി ബി.ജെ.പിയുടെ ഭാഗമാവാന്‍ തയ്യാറായിരുന്നുവെന്നും അത് ഇല്ലാതാക്കിയത് ബി.ജെ.പി സംസ്ഥാന നേതൃത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.