വിദ്വേഷ പ്രചാരണത്തിനെതിരെ അന്വേഷണം വേണമെന്ന്; ആര്‍.എസ്.എസ് ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നിലവില്‍വന്ന ശേഷം കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആര്‍.എസ്.എസ്. മതമൗലികവാദ സംഘടനകളും രാജ്യവിരുദ്ധ ശക്തികളും കടുത്ത വിദ്വേഷ പ്രചാരണമാണ് സംസ്ഥാനത്തൊട്ടാകെ നടത്തിയതെന്നും ഇത്തരം സംഘടനകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് ആര്‍.എസ്.എസ് നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ കണ്ടു.
മിന്നല്‍ ഹര്‍ത്താലുകള്‍, വ്യക്തികളെയും സ്ഥാപനങ്ങളെയും വ്യാപാര കേന്ദ്രങ്ങളെയും ബഹിഷ്‌കരിക്കല്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചാരണങ്ങള്‍ എന്നിവയിലൂടെ ഭിന്നിപ്പും ആശങ്കകളുമാണ് സൃഷ്ടിച്ചത്. കേരളത്തിലെ ഇരുമുന്നണികളും ഈ നിലപാടുകളെ പിന്തുണക്കുകയായിരുന്നു.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തെ വളരെ സങ്കുചിതമായും ആസൂത്രിതമായും വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട് വഴിതിരിച്ചുവിട്ടു. പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളാണ് നേതൃത്വം നല്‍കിയതെന്നും ആർ.എസ്.എസ് ആരോപിക്കുന്നു.
മലപ്പുറം വളാഞ്ചേരിയിലെ ചെറുകുന്ന് പട്ടികജാതികോളനിയില്‍ താമസിക്കുന്നവര്‍ക്ക് പൗരത്വനിയമത്തെ അനുകൂലിച്ചതിന്‍റെ പേരില്‍ കുടിവെള്ളം നിഷേധിക്കുന്നു. ഹര്‍ത്താലുകളുടെ മറവില്‍ വാഹനങ്ങളും കടകളും തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കണം. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും നിരവധിപേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും കേസുകളില്‍ കുടുക്കുകയും ചെയ്തിട്ടുണ്ട്. പലരും നാട്ടില്‍ തിരിച്ചുവരേണ്ടി വന്നിട്ടുണ്ട്.
ഇത്തരം നിരപരാധികളെ പുനരധിവസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. തെറ്റായ വാര്‍ത്തകള്‍ നല്‍കി മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ആര്‍.എസ്.എസ് നേതാക്കളായ പി. ഗോപാലന്‍കുട്ടി, വല്‍സന്‍ തില്ലങ്കേരി, ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം. ഗണേഷ് എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.