കേരള ഹൗസിലേക്ക് ആര്‍.എസ്.എസ് മാര്‍ച്ച്
text_fieldsന്യൂഡല്‍ഹി: കേരളത്തില്‍ സി.പി.എം സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പതിന്മടങ്ങായെന്ന് ആരോപിച്ച് ആര്‍.എസ്.എസ് ന്യൂഡല്‍ഹി കേരള ഹൗസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കണക്കിലെടുത്ത് കേന്ദ്ര വ്യോമയാന മന്ത്രിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി പിണറായി ചൊവ്വാഴ്ച പുലര്‍ച്ചെ കേരളത്തിലേക്ക് മടങ്ങി.
കേരളത്തിലെ ആക്രമണം മുന്‍നിര്‍ത്തി ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ആര്‍.എസ്.എസ് സംഘടിപ്പിച്ച മാര്‍ച്ച് സംഘര്‍ഷത്തിനിടയാക്കിയ അനുഭവമുള്ളതിനാല്‍ കേരള ഹൗസില്‍ പിണറായിയുടെ സാന്നിധ്യം മാര്‍ച്ച് അക്രമാസക്തമാക്കുമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കേരള റസിഡന്‍റ് കമിഷണറെ അറിയിക്കുകയായിരുന്നു. സുരക്ഷാ ആശങ്കയുണ്ടായ സാഹചര്യത്തിലാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പുലര്‍ച്ചെ കേരളത്തിലേക്ക് മടങ്ങിയത്. വ്യോമയാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി നേരത്തെ സമയം ആവശ്യപ്പെട്ടിരുന്നു. വ്യോമയാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന വിവരം മുഖ്യമന്ത്രി തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. മന്ത്രിസഭായോഗം നടക്കുന്നതിനാല്‍ ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കാണാമെന്നായിരുന്നു ധാരണ.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മുഖ്യമന്ത്രി ഡല്‍ഹിയിലുണ്ടാവുമെന്ന് മുന്‍കൂട്ടി അറിഞ്ഞാണ് ഡല്‍ഹിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കേരളാഹൗസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിനായി ജന്തര്‍ മന്തറില്‍ വലിയ വേദിയുമൊരുക്കിയിരുന്നു. പിണറായി വിജയന്‍ നടത്തിയത് ഒളിച്ചോട്ടമാണെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കിയ ആര്‍.എസ്.എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് താത്പര്യപ്പെട്ടിരുന്നുവെന്നും നേരിട്ടുള്ള ചര്‍ച്ചക്ക് ധൈര്യമില്ലാത്തതിനാലാണ് അദ്ദേഹം ഒളിച്ചോടിയതെന്നും നന്ദകുമാര്‍ പറഞ്ഞു.
കഴിഞ്ഞമാസം മധ്യപ്രദേശില്‍ മലയാളി സംഘടനകളുടെ സ്്വീകരണത്തിനത്തെിയപ്പോള്‍ ആര്‍.എസ്.എസ് പ്രതിഷേധത്തെ തുടര്‍ന്ന് പിണറായിക്ക് മടങ്ങേണ്ടി വന്നിരുന്നു. തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ക്ഷമാപണം നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.