ആർ.എസ്.എസ് കൂടിക്കാഴ്ച: വീണ്ടും എ.ഡി.ജി.പിയുടെ മൊഴിയെടുക്കും
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്‍റെ മൊഴി ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞദിവസം എ.ഡി.ജി.പിയുടെ മൊഴിയെടുത്തെങ്കിലും പി.വി. അന്‍വര്‍ എഴുതി നല്‍കിയ പരാതിയില്‍ ആർ.എസ്.എസ് കൂടിക്കാഴ്ച വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ഈ ഭാഗം ഒഴിവാക്കുകയായിരുന്നു. എൽ.ഡി.എഫ് യോഗത്തില്‍ എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ച ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു.
എന്നാൽ, പൊലീസിന്‍റെ മൊഴിയെടുപ്പിൽ ആർ.എസ്.എസ് കൂടിക്കാഴ്ച ഒഴിവാക്കിയത് വിവാദമായ പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാത്രിയോടെ അൻവർ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിയെ കണ്ട് ആർ.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ച് പരാതി എഴുതി നൽകി. ഇതോടെയാണ് അജിത്തിനെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കാൻ തീരുമാനിച്ചത്. അൻവറിന്‍റെ പരാതിയിലെ അന്വേഷണമായിരുന്നു മുഖ്യമന്ത്രി നിർദേശിച്ചത്. ആദ്യമൊഴിയെടുക്കൽ വിഡിയോ റെക്കോഡിങ് നടത്തിയിട്ടുണ്ട്.
എ.ഡി.ജി.പിയുടെ മൊഴിയെടുത്ത ശേഷം മുഖ്യമന്ത്രിയുമായി ഡി.ജി.പി കൂടിക്കാഴ്ച നടത്തിയേക്കും. 2023 മേയ് 23ന് തൃശൂരിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ കണ്ടതിനുപിന്നാലെ, അജിത്കുമാർ ജൂൺ രണ്ടിന് കോവളത്ത് ആർ.എസ്.എസ് ഉന്നത നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തി. സ്വകാര്യ സന്ദർശനമെന്നാണ് എ.ഡി.ജി.പി നേരത്തേ ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.
അതേസമയം തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ അൻവറിന്‍റെ വ്യക്തിവൈരാഗ്യമാണെന്നാണ് അജിത്കുമാറിന്‍റെ മൊഴി. സ്വർണക്കടത്ത്, കുഴൽപണ-മയക്കുമരുന്ന് മാഫിയകൾ, നിരോധിത ഭീകര സംഘടനകൾ എന്നിവർക്കെതിരെ സ്വീകരിച്ച നടപടികളാണ് ആരോപണങ്ങൾക്ക് പിന്നിൽ.
അൻവറിനെതിരെ വാർത്ത നൽകിയ ഓൺലൈൻ ചാനലിനെതിരെ കേസെടുത്തിരുന്നു. രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്നറിയിച്ചു. ഇതേതുടർന്നുള്ള വ്യക്തിവൈരാഗ്യമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും മൊഴി നൽകി. ചില തെളിവുകളും ഡി.ജി.പിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.