ഭിന്നതയിൽ വലഞ്ഞ് ആർ.എസ്.എസ് കേന്ദ്രനേതൃത്വം
text_fieldsപാലക്കാട്: ശബരിമല വിഷയത്തിൽ കേരളത്തിലെ ആർ.എസ്.എസിനകത്തെ ഭിന്നതയിൽ കുഴങ്ങിയത് കേന്ദ്രനേതൃത്വം. കുറച്ചുകാലമായി സംഘടനക്കകത്തെ വിരുദ്ധാഭിപ്രായങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തെത്തുന്നുണ്ട്. ഇതിെൻറ അവസാന ഉദാഹരണമാണ് ശബരിമല വിഷയമെന്നാണ് കേന്ദ്രനേതൃത്വത്തിെൻറ വിലയിരുത്തൽ. പല മുതിർന്ന നേതാക്കളും ഇതിലുൾപ്പെട്ടതാണ് നേതൃത്വത്തെ വലക്കുന്നത്.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടിരുന്ന, ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവും എളമക്കരയിലെ കാര്യാലയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചിലരുമാണ് ഭിന്നത പുറത്തെത്തിച്ചതെന്നാണ് നേതൃത്വത്തിെൻറ പ്രാഥമിക നിഗമനം. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് ആർ.എസ്.എസ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാൽ, കേരളത്തിൽ നേട്ടമുണ്ടാക്കാൻ അതുപകരിക്കില്ലെന്ന തോന്നലിൽ നിലപാട് മാറ്റുകയായിരുന്നു.
സംഘടനയിലെ ഒരു വിഭാഗം ഇപ്പോഴും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നുണ്ട്. അതിെൻറ അവസാന ഉദാഹരണമാണ് ‘ജന്മഭൂമി’യിൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയൻ എഴുതിയ ലേഖനം. അതിന് മറുപടി മുഖപ്രസംഗരൂപത്തിൽ പത്രം പ്രസിദ്ധീകരിച്ചെങ്കിലും ഭിന്നത തീർന്നിട്ടില്ല. ഇൻറലക്ച്വൽ സെൽ കൺവീനർ ടി.ജി. മോഹന്‍ദാസ്, ആർ.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാർ തുടങ്ങിയവരും സ്ത്രീപ്രവേശനം അനുവദിക്കണമെന്ന നിലപാടുകാരാണ്. മുതിർന്ന നേതാവ് ആർ. ഹരിയുടെ പിന്തുണയും ഇവർക്കുണ്ടെന്നാണ് സൂചന.
ഇരുവിഭാഗവും നിലപാടുകൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി, കെ.പി.എം.എസ്, ആദിവാസി നേതാവ് സി.കെ. ജാനു എന്നിവർ കോടതിവിധിയെ അനുകൂലിച്ചത് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവർ ആയുധമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സമരം നേട്ടമുണ്ടാക്കില്ലെന്നാണ് ഇവർ കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. എന്നാൽ, ഹിന്ദുവിഭാഗത്തിനിടയിൽ തങ്ങളുടെ നിലപാടുകൾക്ക് സ്വീകാര്യതയുണ്ടെന്നും അത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നുമാണ് സമരത്തിന് നേതൃത്വം നൽകുന്നവരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.