കേരളത്തിൽ കാലുറപ്പിക്കാൻ തന്ത്രങ്ങളൊരുക്കി ആർ.എസ്.എസ്
text_fieldsതൃശൂർ: ശതാബ്ദിയിൽ കേരളത്തിൽ ശക്തമായി കാലുറപ്പിക്കാനുള്ള പരിപാടികൾ ആലോചിച്ച് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് ജില്ല, സംസ്ഥാന ഭാരവാഹികളിൽനിന്നും പരിവാർ സംഘടന ഭാരവാഹികളിൽനിന്നും നേരിട്ട് സംസ്ഥാനത്തെ സാഹചര്യങ്ങൾ കേട്ടറിഞ്ഞു.
ഹൈന്ദവ വിഭാഗങ്ങൾക്കിടയിൽ ഇപ്പോഴും ശക്തമായി കയറാൻ കഴിയാത്ത രാഷ്ട്രീയസാഹചര്യം നേതാക്കൾ വ്യക്തമാക്കിയതായാണ് പറയുന്നത്. എല്ലാ വർഷവും സർസംഘചാലകിന്‍റെ ഇത്തരം സന്ദർശനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും തൃശൂർ തെരഞ്ഞെടുത്തതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ് നേതാക്കൾ പങ്കുവെക്കുന്നത്.
ബി.ജെ.പി വിഭാഗീയത ഏറ്റവും രൂക്ഷമായ ജില്ലയാണ് തൃശൂരെങ്കിലും ശബരിമല യുവതിപ്രവേശന വിവാദത്തിൽ സംസ്ഥാനത്ത് ആദ്യമായി പ്രതിഷേധമുയർന്നത് തൃശൂരിൽനിന്നാണ്. സംഘടനമുന്നേറ്റവും ജില്ലയിലാണ്. ആർ.എസ്.എസ് നിർദേശത്തിലാണ് നിലവിൽ സുരേഷ്ഗോപി തൃശൂരിൽ ക്യാമ്പ് ചെയ്യുന്നതും.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം 2025ലെ ആർ.എസ്.എസ് ശതാബ്ദി ആഘോഷത്തിന് തിളക്കമുണ്ടാക്കുന്ന ഫലം ഉണ്ടാവണമെന്നതുകൂടി ലക്ഷ്യമിട്ടാണ് മോഹൻ ഭാഗവതിന്‍റെ തൃശൂർ സന്ദർശനം. കഴിഞ്ഞവർഷം പാലക്കാടും അതിന് മുമ്പ് തിരുവനന്തപുരവുമാണ് സന്ദർശിച്ചത്.
തൃശൂരിൽ നാല് ആർ.എസ്.എസ് ജില്ലകളുടെ ഭാരവാഹികളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗമാണ് രണ്ടുദിവസമായി നടന്നത്. ഞായറാഴ്ച ഗുരുവായൂരിൽ രാധേയം ഓഡിറ്റോറിയത്തിലാണ് സംസ്ഥാന ഭാരവാഹികളുടെ ബൈഠക്ക്.
വൈകീട്ട് അഞ്ചിന് ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഗണവേഷധാരികളുടെ യോഗത്തിലും പങ്കെടുത്ത് മോഹൻ ഭാഗവത് മടങ്ങും. ശനിയാഴ്ച വൈകീട്ടോടെ തൃശൂരിലെ യോഗം പൂർത്തിയാക്കി മോഹൻ ഭാഗവത് ഗുരുവായൂരിലെത്തി. ഞായറാഴ്ച ക്ഷേത്രദർശനത്തിന് ശേഷമാണ് യോഗത്തിൽ പങ്കെടുക്കുക.
മോഹൻ ഭാഗവതിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി ക്ഷേത്രദർശനത്തിനും ക്രമീകരണമേർപ്പെടുത്തി. മൂന്ന് നാളായി തൃശൂരിലുണ്ടായിട്ടും ബി.ജെ.പി നേതാക്കളെ ഒരാളെപോലും കാണാൻ സർസംഘചാലക് അനുമതി നൽകിയിട്ടില്ല. നേതാക്കൾ ബന്ധപ്പെട്ടെങ്കിലും അനുമതിയുണ്ടായില്ലെന്നാണ് പറയുന്നത്. മാധ്യമപ്രതിനിധികൾക്കും പ്രവേശനമില്ല.
മോഹൻ ഭാഗവതിന്റെ യാത്രക്കായി തിരക്കേറിയ റോഡിൽ വാഹനങ്ങൾ തടഞ്ഞിട്ട് പൊലീസിന്റെ ഗതാഗത ക്രമീകരണം. തിരക്കേറിയ തൃശൂർ എം.ജി റോഡിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ശനിയാഴ്ച വൈകീട്ട് ഗുരുവായൂരിലേക്ക് പോകാൻ പുറത്തിറങ്ങാനാണ് പൊലീസ് തിരക്കേറിയ റോഡിൽ വാഹനങ്ങൾ പിടിച്ചിട്ടത്. അര മണിക്കൂറോളം വാഹനങ്ങൾ കുരുക്കിൽ കിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.