ആര്‍.എസ്.എസ് അക്രമത്തിന് കോപ്പുകൂട്ടുന്നതിന്‍റെ സൂചനയാണ് ആലക്കാട്ടെ ബോംബ് സ്ഫോടനമെന്ന് എം.വി. ജയരാജന്‍
text_fieldsകണ്ണൂർ: ആലക്കാട്ട് ആർ.എസ്.എസ് പ്രവർത്തകന്‍റെ വീട്ടിലുണ്ടായ ബോംബ് സ്ഫോടനം ആര്‍.എസ്.എസ് അക്രമത്തിന് കോപ്പുകൂട്ടുന്നതിന്‍റെ സൂചനയാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് ആയുധനിർമാണവും സംഭരണവുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൈപ്പത്തിക്ക് പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകനെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ദുരൂഹമാണെന്നും ജയരാജൻ പ്രസ്താവനയിൽ ആരോപിച്ചു.
'സ്വന്തം വീട്ടില്‍ വെച്ച് ആര്‍.എസ്.എസ് ക്രിമിനലിന്‍റെ കയ്യില്‍ നിന്ന് ബോംബ് സ്ഫോടനം നടന്നത് ആര്‍.എസ്.എസ് അക്രമത്തിന് കോപ്പ് കൂട്ടുന്നു എന്ന സൂചനയാണ് നല്‍കുന്നത്. കൈപ്പത്തിക്ക് പരിക്ക് പറ്റിയ ക്രിമിനലിനെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ദുരൂഹമാണ്. ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് ആയുധനിർമാണവും, സംഭരണവുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
2015 ജനുവരി 2ന് ഇതേ ക്രിമിനലിന്‍റെ വീട്ടില്‍ വെച്ച് സമാനരീതിയില്‍ സ്ഫോടനം നടന്നിരുന്നു. അന്ന് മാതാവിനായിരുന്നു ഗുരുതരമായി പരിക്കേറ്റത്. മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ന് ചികിത്സിച്ചത്. വീടിന്‍റെ സമീപത്ത് മെഡിക്കല്‍ കോളജും, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും ഉണ്ടായിട്ടും വിദൂരസ്ഥലങ്ങളില്‍ ചികിത്സതേടി പോകുന്നത് എന്തുകൊണ്ടെന്ന് ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കണം.
കൊലക്കേസടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഈ ക്രിമിനല്‍. കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നത്. അതിന്‍റെ ഭാഗമായിരുന്നു ആലപ്പുഴയിലെ കൊലപാതകവും, തലശ്ശേരിയിലെ പ്രകോപന പ്രകടനവും. ആര്‍.എസ്.എസ്സിന്‍റെ മറുപതിപ്പായ എസ്.ഡി.പി.ഐയും കൊലക്ക് കൊല നടത്തിക്കൊണ്ട് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആയുധ നിർമാണവും, സമാഹരണവും നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന വര്‍ഗ്ഗീയ-തീവ്രവാദ ശക്തികള്‍ക്കെതിരെ ജനാധിപത്യവിശ്വാസികളാകെ പ്രതിഷേധം ഉയര്‍ത്തണം. തുടര്‍ച്ചയായി ബോംബ് നിർമാണവും സംഭരണവും നടത്തുന്ന ക്രിമിനലിനെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം' - പ്രസ്താവനയിൽ എം.വി. ജയരാജന്‍ പറഞ്ഞു.
സി.പി.എം പ്രവർത്തകൻ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലക്കാട്ട് ബിജുവിന്‍റെ വീട്ടിലാണ് ശനിയാഴ്ച രാത്രി സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ബിജുവിന്‍റെ കൈപ്പത്തി തകരുകയും ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ അറ്റു പോവുകയും ചെയ്തിരുന്നു. കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ഇയാൾക്കെതിരെ സ്ഫോടക വസ്തു കൈകാര്യം ചെയ്തതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.