ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്ന് മുസ്‍ലിം ലീഗ്, താക്കീത് ചെയ്തു; പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് ഖാദർ
text_fieldsകോഴിക്കോട്: ആർ.എസ്.എസ് നേതൃത്വത്തിലുള്ള കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്ത മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെ.എൻ.എ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു. ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തിയാണ് നടപടി.
സാംസ്‌കാരിക പരിപാടി എന്ന നിലക്കാണ് പങ്കെടുത്തതെന്ന് ലീഗിന് ഖാദർ വിശദീകരണം നൽകിയിരുന്നു. ജാഗ്രതക്കുറവിന് ഖാദർ ഖേദം പ്രകടിപ്പിച്ചുവെന്നും മുസ്‍ലിം ലീഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പാർട്ടി തീരുമാനം അംഗീകരിക്കുന്നതായി ഖാദർ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചർച്ച ചെയ്തു. ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട് ഇതിൽ പങ്കെടുത്തതിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഇക്കാര്യത്തിൽ കെ.എൻ.എ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധകുറവുമാണെന്ന് യോഗം വിലയിരുത്തി.
പാർട്ടി അംഗങ്ങൾ ഏത് വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ സമീപനങ്ങൾക്കും സംഘടനാ മര്യാദകൾക്കും വിരുദ്ധമാകാതിരിക്കാൻ കൂടുതൽ ജാഗ്രതയും കണിശതയും പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടതായും ലീഗ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.