സുപ്രീംകോടതിയിലും ആർ.എസ്.എസ് പിടിമുറുക്കി -എം.എ. ബേബി
text_fieldsകോഴിക്കോട്: സ്വന്തം ചുമതലകൾ നിർവഹിക്കാൻ ധൈര്യപ്പെടാത്തവിധം സുപ്രീംകോടതിയിലും ആർ.എസ്.എസ് പിടിമുറുക്കിയതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'ആർ.എസ്.എസിന്‍റെ കേരള അജണ്ടയും മാധ്യമങ്ങളും' സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ ചോരപുരണ്ട കൈകളുമായി എതിരാളികളെ നേരിടുന്ന ആർ.എസ്.എസ്, ഭരണകൂട സംവിധാനങ്ങളെ ചൊൽപ്പടിയിൽ നിർത്തുകയാണ്. പൗരത്വ ഭേദഗതി ബിൽ പാർലമെന്‍റ് പാസാക്കി പ്രസിഡന്റ് ഒപ്പിട്ടതാണ്. ഇതോടെ ഒരാൾക്ക് പൗരത്വം നൽകാനോ നിഷേധിക്കാനോ മതം മാനദണ്ഡമായിക്കൂട എന്ന ഇന്ത്യൻ ഭരണഘടനയുടെ ഉദാത്ത ആശയത്തെ കൊന്ന് കുഴിച്ചുമൂടിയിരിക്കുകയാണ് മോദി ഭരണകൂടം. ഇവിടെ മതം മാനദണ്ഡമായി വന്നുകഴിഞ്ഞു. ഇതു ഭരണഘടനാപരമാണോ എന്നൊരു ചോദ്യം സുപ്രീം കോടതിയുടെ മുന്നിൽ ഉന്നയിച്ചിട്ട് വർഷങ്ങളായി.
സുപ്രീംകോടതി ജഡ്ജിമാർക്കെന്താണ് പണി? ഇതു ചോദിക്കാനുള്ള അവകാശം എനിക്കും നിങ്ങൾക്കുമുണ്ട്. ഇവർക്കുകൊടുക്കുന്ന ശമ്പളം ഈ രാജ്യത്തുനിന്ന് പിരിക്കുന്ന എന്‍റെയും നിങ്ങളുടെയും നികുതിയാണ്. മാധ്യമസംവിധാനത്തിലും ആർ.എസ്.എസിന്റെ പിടിവീണു. ഉടമസ്ഥാവകാശം ഏറ്റെടുക്കൽ, മാധ്യമങ്ങളിൽ തങ്ങളുടെ ആളുകളെ തിരുകികയറ്റൽ, മാധ്യമങ്ങളുടെ ലൈസൻസ് നൽകുമ്പോഴുള്ള ഇടപെടൽ ഇവയൊക്കെയാണ് ഇക്കൂട്ടരുടെ രീതി.
ഗുജറാത്ത് കൂട്ടക്കൊലപാതകത്തിലെ ഇരകൾക്കായി സംസാരിച്ചവരെ ജയിലിലിടുകയാണ് ഭരണകൂടം. ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ എന്നിവർ നീതിക്കായി കോടതി കയറിയിറങ്ങുമ്പോൾ മൂന്ന് സുപ്രീംകോടതി ജഡ്ജിമാർ പറയുകയാണ് അവരെ പിടികൂടി ജയിലിലിടാൻ. 'ലീഗൽ ടെററിസം' (നീതിന്യായ തീവ്രവാദം) എന്നൊരുവാക്ക് ഒരുപക്ഷേ നാളെ ഉണ്ടായേക്കാമെന്നും ബേബി പറഞ്ഞു.
കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ മോഡറേറ്ററായിരുന്നു. മാധ്യമ പ്രവർത്തകരായ ടി.എം. ഹർഷൻ, സനീഷ് ഇളയിടത്ത്, അധ്യാപിക ഡോ. മഞ്ജു എന്നിവർ സംസാരിച്ചു. ഡോ. യു. ഹേമന്ത് കുമാർ സ്വാഗതവും കെ.കെ.സി. പിള്ള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.