ഇവാനിയോസ് കോളജിലെ ആർ.എസ്.എസ് പരിശീലനം: വിശദീകരണമില്ലാതെ അധികൃതർ
text_fieldsഇവാനിയോസ് കോളജിലെ ആർ.എസ്.എസ് പരിശീലനം
തിരുവനന്തപുരം: പരിപാടികൾ സംഘടിപ്പിക്കാൻ കോളജ് യൂനിയനുപോലും അനുമതി നൽകാത്ത മാർ ഇവാനിയോസിലെ മൈതാനം ആർ.എസ്.എസ് ആയുധ പരിശീലനത്തിന് തുറന്നുകൊടുത്തത് ആരെന്ന കാര്യം വ്യക്തമാക്കാതെ കോളജ് അധികൃതർ. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിൽ നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന കാമ്പസിൽ മാർ ഇവാനിയോസ് കോളജിന് പുറമെ, സര്‍വോദയ സ്കൂള്‍, മാര്‍ ബസേലിയസ് കോളജ് തുടങ്ങി വിവിധ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കാമ്പസിലെ എല്ലാ സ്ഥാപനങ്ങൾക്കും പൊതുവായുള്ള മൈതാനമാണ് അതിരഹസ്യമായി ആർ.എസ്.എസിന്റെ ആയുധ പരിശീലനത്തിന് വിട്ടുനൽകിയത്. ആർ.എസ്.എസിന്റെ നേതൃത്വത്തിൽ മേയ് രണ്ടിന് തലസ്ഥാനത്ത് നടക്കുന്ന ഒഫീസേഴ്സ് ട്രെയിനിങ് ക്യാമ്പിന്റെ ഭാഗമായാണ് 18 മുതൽ രണ്ടാഴ്ച നീളുന്ന പരിശീലനം ആരംഭിച്ചത്. വേനലവധിക്കായി കോളജ് അടച്ച സമയത്താണിത്. വളരെ രഹസ്യമായി നടന്നിരുന്ന സായുധ പരിശീലനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കോളജ് മാനേജ്മെന്റിന്റെ ദുരൂഹ നടപടി ചോദ്യം ചെയ്ത് വിദ്യാർഥി യൂനിയൻ ഉൾപ്പെടെ രംഗത്തെത്തിയത്.
ആരാണ് പരിപാടിക്ക് അനുമതി നൽകിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മാനേജ്മെന്റോ പ്രിൻസിപ്പലോ അനുമതി നൽകിയിട്ടില്ലെന്നാണ് കോളജ് അധികൃതർ പറയുന്നത്. സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണോ അനുമതി നൽകിയതെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാത്തതും ദുരൂഹമാണ്. മറ്റ് ആവശ്യങ്ങള്‍ക്കായി ഗ്രൗണ്ട് വിട്ടുകൊടുക്കാറില്ലെന്നും അന്വേഷിക്കാമെന്നുമായിരുന്നു കോളജ് അധികൃതർ ആദ്യം പറഞ്ഞത്. വീണ്ടും അന്വേഷണത്തിൽ, തങ്ങൾ അറിഞ്ഞിട്ടില്ലെന്നും മറ്റേതെങ്കിലും തരത്തില്‍ അനുമതി വാങ്ങി നടത്തുന്നതാകാമെന്നുമായിരുന്നു മറുപടി.
സംഘ്പരിപാറിനോട് ആഭിമുഖ്യം പുലർത്തുന്നതിന്റെ ഭാഗമായി മലങ്കര സഭയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാവാം അനുമതി നേടിയതെന്നാണ് വിദ്യാർഥി സംഘടനകൾ പറയുന്നത്. വിദ്യാർഥികളുടെ കായികേതര പരിപാടികൾക്കുപോലും മൈതാനം അനുവദിക്കാത്ത മാനേജ്മെന്റിന്റെ പക്ഷപാതപരമായ നടപടിയെ ചോദ്യം ചെയ്യാനാണ് വിദ്യാർഥികളുടെ തീരുമാനം. എന്നാൽ, സ്വയംഭരണ കോളജായതിനാൽ പ്രതിഷേധിക്കുന്നവർക്കതിരെ മാർക്ക് കുറക്കൽ പോലുള്ള അച്ചടക്ക നടപടിയുണ്ടാകുമോ എന്ന ഭീതിയും വിദ്യാർഥികൾക്കുണ്ട്.
മറ്റ് രാഷ്ട്രീയ പാർട്ടികൾക്കോ വിദ്യാർഥി സംഘടനകൾക്കോ വിട്ടുനൽകാത്ത മൈതാനം ആയുധപരിശീലനത്തിന് അനുവദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മാനേജ്മെന്റ് വിശദീകരിക്കണമെന്നാണ് കോളജ് യൂനിയൻ ഭരിക്കുന്ന കെ.എസ്.യുവിന്റെയും എസ്.എഫ്.ഐയുടെയും ആവശ്യം. ഗ്രൗണ്ട് അനുവദിക്കാനുള്ള അധികാരം മാനേജ്മെന്റിനുണ്ടെങ്കിലും പ്രത്യേക സംഘടനക്ക് അനുവദിച്ചതിലാണ് തങ്ങളുടെ പ്രതിഷേധമെന്നും ഇവർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.