വൈറസ് അയച്ച് ഫോൺ തകരാറിലാക്കി; ചോദ്യംചെയ്ത വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച ആർ.എസ്.എസുകാരൻ പിടിയിൽ
text_fieldsകായംകുളം: മൊബൈലിലേക്ക് വൈറസ് പ്രോഗ്രാം കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. ആർ.എസ്.എസ് പ്രവർത്തകനായ കാപ്പിൽമേക്ക് പനയന്നാർകാവ് ദേവകി ഭവനത്തിൽ അഖിലാണ് (സച്ചു-24) പിടിയിലായത്. കൃഷ്ണപുരം കാപ്പിൽമേക്ക് പുലരിയിൽ സന്തോഷിന്‍റെ മകൻ പ്രണവിനെയാണ് (18) പ്രതി മർദ്ദിച്ചത്.
സംഭവത്തിലുൾപ്പെട്ട പ്ലസ്‌വൺ വിദ്യാർഥിയായ ഇയാളുടെ സഹോദരന് എതിരെയുള്ള റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. പ്രണവിന്‍റെ മൊബൈലിലേക്ക് വൈറസ് പ്രോഗ്രാം കയറ്റിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമായത്.
വാട്സാപ്പ് മെസേജ് വഴിയുള്ള വൈറസ് പ്രോഗ്രാം തുറന്നതോടെ ഫോൺ പ്രവർത്തനം തകരാറിലായിരുന്നു. ഇത് പ്രണവിന്‍റെ ഓൺലൈൻ പഠനത്തെ തടസ്സപ്പെടുത്തി. തുടർന്നാണ് പ്രണവ് ഇത് ചോദ്യംചെയ്തത്.
പ്രതികൾ ഉൾപ്പെടുന്ന സൗഹൃദവലയത്തിലെ മൊബൈൽ ഗെയിം കളികളിൽ പ്രണവും ഭാഗമായിരുന്നു. ഈ പരിചയമാണ് വൈറസ് അയക്കുന്നതിന് കാരണമായത്. ഇതിനെ ചൊല്ലി ഇരുവരും ഫോണിലൂടെ വാക്കേറ്റമുണ്ടായി. തുടർന്നാണ് സഹോദരനെയും കൂട്ടിയെത്തിയ അഖിൽ പ്രണവിനെ മർദ്ദിച്ചത്. കഴിഞ്ഞ ഏഴിന് വൈകീട്ടായിരുന്നു സംഭവം. പ്രണവിന്‍റെ വീട്ടിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല.
മർദ്ദനത്തിന് ശേഷം കത്തി കാട്ടി വധഭീഷണി മുഴക്കിയാണ് പ്രതികൾ മടങ്ങിയത്. ഭയന്നുപോയ പ്രണവ് മർദ്ദനവിവരം വീട്ടുകാരെ അറിയിച്ചില്ല. രണ്ട് ദിവസം കഴിഞ്ഞ് പ്രതികൾ വീണ്ടും വീട്ടിലെത്തിയപ്പോഴാണ് പിതാവിനോട് വിവരം പറയുന്നത്. വീട്ടിലെ സി.സി.ടി.വി പരിശോധിച്ചതോടെയാണ് മർദ്ദനത്തിലെ ഭീകരത മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.