എരഞ്ഞോളിയിലെ ബോംബ് സ്ഫോടനം: ആർ.എസ്.എസ് പ്രവർത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി
text_fieldsതലശ്ശേരി: എരഞ്ഞോളിപ്പാലത്തിന് സമീപം ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകന്റെ കൈപ്പത്തി മുറിച്ചു മാറ്റി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എരഞ്ഞോളി പാലത്തിന് സമീപം കച്ചുമ്പ്രത്ത് താഴെ ശ്രുതിനിലയത്തിൽ മോഹനന്റെ മകൻ വിഷ്ണുവിന്റെ (20) വലത് കൈ കൈത്തണ്ടയിൽവെച്ചും ഇടതുകൈയുടെ വിരലുകളുമാണ് മുറിച്ചുനീക്കിയത്.
ഉഗ്രസ്ഫോടനത്തിൽ ഇരുകൈപ്പത്തികൾക്കും ശരീരത്തിലെ മറ്റിടങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാത്രിയാണ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു ചൊവ്വാഴ്ച അർധരാത്രി ഉഗ്ര ശബ്ദത്തോടെയുള്ള ബോംബ് സ്ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തലശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ എം. അനിലിനാണ് അന്വേഷണ ചുമതല.
സംഭവസമയം അപകടത്തിനിരയായ യുവാവ് മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ, ബോംബ് നിർമാണത്തിലും പരീക്ഷണത്തിലും കൂടുതൽ പേരുടെ പങ്കാളിത്തം ഉണ്ടെന്നാണ് നിഗമനം. പരിക്ക് ഭേദമായ ശേഷം വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സ്ഫോടകവസ്തു നിയന്ത്രണ നിയമപ്രകാരം വിഷ്ണുവിന്റെ പേരിൽ തലശ്ശേരി പൊലീസ് കേസെടുത്തു. നാലോളം കേസുകളിൽ യുവാവ് പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.