അഷറഫ് വധം: ആറ് ബി.ജെ.പി പ്രവര്‍ത്തകർക്ക് ജീവപര്യന്തം
text_fieldsതലശ്ശേരി: സി.പി.എം പ്രവര്ത്തകന് പാനൂരിലെ താഴെയില്‍ ഹൗസിൽ അഷറഫിനെ നഗരമധ്യത്തില്‍ കടമുറിയിൽ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ ആറ് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവും പിഴശിക്ഷയും വിധിച്ചു. പാനൂർ കൂറ്റ്യേരി താഴെകണ്ടിയിൽ ടി.കെ. സുബിൻ എന്ന ജിത്തു (37), മൊകേരി വള്ളങ്ങാെട്ട പുതിയോട്ട് അനീഷ് എന്ന ഇരുമ്പൻ അനീഷ് (39), മൊകേരി വള്ളങ്ങാട് കാവത്ത് ഹൗസിൽ വലിയപറമ്പത്ത് ഇ.പി. രാജീവൻ എന്ന പൂച്ച രാജീവൻ (41), തെേക്ക പാനൂരിലെ പി.പി. പുരുഷോത്തമൻ എന്ന പുരുഷു (37), തെേക്ക പാനൂരിലെ നാമത്ത് കക്കോട് ഹൗസിൽ എൻ.കെ. രാജേഷ് എന്ന രജു (44), പന്ന്യന്നൂർ ചമ്പാട് അരയാക്കൂലിലെ കോത്തേരി ഹൗസിൽ കെ. രതീശൻ (39) എന്നിവരെയാണ് ജില്ല അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ജീവപര്യന്തം ശിക്ഷിച്ചത്.
െഎ.പി.സി 302 വകുപ്പ് പ്രകാരമാണ് ശിക്ഷ. കൂടാതെ 50,000 രൂപവീതം പിഴയും ഒടുക്കണം. പിഴയിൽ വീഴ്ചവരുത്തിയാൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കണം. െഎ.പി.സി 449 പ്രകാരം കടയിൽ അതിക്രമിച്ചുകടന്നതിന് 10 വർഷം കഠിനതടവും 20,000 രൂപവീതം പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട അഷറഫിെൻറ ആശ്രിതര്‍ക്ക് നല്‍കണമെന്നും കോടതിവിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ക്ക് നിയമവിരുദ്ധമായി സംഘംചേരലിന് (ഐ.പി.സി 143) മൂന്നു മാസവും ആയുധങ്ങളുമായി സംഘംചേര്‍ന്നതിന് ഐ.പി.സി 148 പ്രകാരം ഒരുവര്‍ഷവും നാലു മുതല്‍ ആറുവരെ പ്രതികള്‍ക്ക് അന്യായമായി സംഘംചേര്‍ന്നതിന് ഐ.പി.സി 147 പ്രകാരം മൂന്നുമാസം വീതവും ശിക്ഷയും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. 2002 ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് 1.45ന് പാനൂര്‍ റേയ്സ് മോട്ടോര്സിനുള്ളില് അതിക്രമിച്ചുകടന്നായിരുന്നു കൊലപാതകം. സുഹൃത്ത് റാഷിദിന് വണ്ടി എടുക്കുന്നതിനായി സിറാജ്, അനസ്, നജീബ് എന്നിവര്‍ക്കൊപ്പമാണ് അഷറഫ് കടയിലെത്തിയത്.
ജീപ്പിലെത്തിയ 12 അംഗ ആര്.എസ്.എസ്--ബി.ജെ.പി സംഘത്തിലെ ആറുപേര്‍ കടയിൽ കയറി അഷറഫിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഡിവൈ.എസ്.പി കെ.എന്‍. രാജീവാണ് തുടക്കത്തില്‍ കേസന്വേഷിച്ചത്. എ.പി. ഷൗക്കത്തലി കുറ്റപത്രം സമര്‍പ്പിച്ചു. 2011 ഒക്ടോബര്‍ 10നാണ് വിചാരണ ആരംഭിച്ചത്. കൊലപാതകം നടന്ന് 15 വര്‍ഷത്തിനുശേഷമാണ് വിധിപറയുന്നത്.
18 സാക്ഷികളെ പ്രോസിക്യൂഷനും രണ്ടുപേരെ പ്രതിഭാഗവും വിസ്തരിച്ചു. 25 രേഖകളും 10 തൊണ്ടിമുതലുകളും പ്രോസിക്യൂഷനും 17 രേഖകള്‍ പ്രതിഭാഗവും ഹാജരാക്കി. വിചാരണനടപടി പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാവിലെ 11നാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ഉച്ചക്ക് 12.10നാണ് കേസിലെ മുഴുവന്‍ പ്രതികളെയും ശിക്ഷിച്ചുള്ള വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി. ശശീന്ദ്രന്, അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. ബിനിഷ എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.