വിവരാവകാശ കമീഷനിൽ വീണ്ടും രാഷ്ട്രീയ നിയമനത്തിന് നീക്കം
text_fieldsകൊച്ചി: സംസ്ഥാന വിവരാവകാശ കമീഷനിൽ വീണ്ടും രാഷ്ട്രീയ നിയമനത്തിന് അരങ്ങൊരുങ്ങുന്നു. യു.ഡി.എഫ് സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് രാഷ്ട്രീയക്കാരെ തിരുകിക്കയറ്റിയതിെൻറ പേരിൽ അഞ്ചു വിവരാവകാശ കമീഷണർമാരുടെ നിയമനം ഹൈകോടതി റദ്ദാക്കിയിരുന്നു. നിയമന ക്രമക്കേട് ഹൈകോടതിയിൽ ചോദ്യം ചെയ്ത എൽ.ഡി.എഫ് ആണ് ഇപ്പോൾ ഇഷ്ടക്കാരെ കമീഷണർമാരാക്കാൻ നീക്കം നടത്തുന്നത്. യു.ഡി.എഫ് സര്‍ക്കാറിെൻറ അവസാനകാലത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യവസായ മന്ത്രിയും അടങ്ങിയ സമിതിയാണ് കമീഷണര്‍മാരെ തെരഞ്ഞെടുത്തത്.
ഇവർക്ക് നിശ്ചിത യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദെൻറ വിയോജനക്കുറിപ്പോടെ പട്ടിക ഗവർണറുടെ അംഗീകാരത്തിന് സമർപ്പിച്ചു. ഗവര്‍ണര്‍ അംഗങ്ങളുടെ യോഗ്യത രേഖകള്‍ ആവശ്യപ്പെട്ടു. സര്‍ക്കാർ ശിപാര്‍ശ അംഗീകരിക്കാന്‍ ബാധ്യസ്ഥനായ ഗവർണർക്ക് രേഖകള്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അംഗങ്ങള്‍ ഹൈകോടതിയെ സമീപിച്ചു. ഇതിനെതിരെ എൽ.ഡി.എഫ് സർക്കാർ സമർപ്പിച്ച അപ്പീലിൽ കമീഷണർമാരുടെ നിയമനം ഡിവിഷൻ ബെഞ്ച് തടഞ്ഞു. യോഗ്യത രേഖ പരിശോധിക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്ന സർക്കാർ വാദം അംഗീകരിച്ചായിരുന്നു ഇത്.
ഒന്നര വർഷത്തോളമായി കമീഷണർമാർ ഇല്ലാതായതോടെ 17,000ഒാളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. നിയമനം നീണ്ടുപോകുന്നത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കി. ഇതിനിടെ, നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കുകയും മുഖ്യമന്ത്രി ചെയർമാനും മന്ത്രി എ.കെ. ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ അംഗങ്ങളുമായി സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. അപേക്ഷകർ നിയമത്തിലോ സാമൂഹികസേവനത്തിലോ മാനേജ്മെൻറിലോ പത്രപ്രവർത്തനത്തിലോ ബഹുജന മാധ്യമ പ്രവർത്തനത്തിലോ ഭരണനിർവഹണത്തിലോ വിപുല അനുഭവജ്ഞാനമുള്ളവരാകണമെന്നും രാഷ്ട്രീയ കക്ഷിയുമായി ബന്ധമുള്ളവരാകരുതെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
191 അപേക്ഷയാണ് ലഭിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭാവർമ, ഇടത് സംഘടനയായ പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. വിവേകാനന്ദൻ എന്നിവരടക്കം ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.