വിവരാവകാശ തെളിവെടുപ്പിന് ഹാജരായില്ല; എം.ജി രജിസ്ട്രാർക്കും കളമശ്ശേരി സെക്രട്ടറിക്കും സമൻസ്
text_fieldsകൊച്ചി: വിവരാവകാശ കമ്മിഷൻ തിങ്കളാഴ്ച കൊച്ചിയിൽ നടത്തിയ തെളിവെടുപ്പിൽ പങ്കെടുക്കാതിരുന്ന മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർക്കും കളമശ്ശേരി നഗരസഭ സെക്രട്ടറിക്കും വിവരാവക്കാശ കമ്മിഷന്‍റെ സമൻസ്. രജിസ്ട്രാർ അയച്ച പകരക്കാരനെ തിരിച്ചയച്ചു. നഗരസഭയിലെ വിവരാധികാരിക്കും സമൻസുണ്ട്. ഇവർ ഈ മാസം 19 നും 21 നും തിരുവനന്തപുരത്ത് കമ്മിഷൻ ആസ്ഥാനത്ത് നേരിൽ ഹാജരാകണം. ഇല്ലെങ്കിൽ വാറണ്ട് അയച്ച് ഹാജർ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസിൽ ക്യാമ്പ് സിറ്റിങ് നടത്തുകയായിരുന്നു അദ്ദേഹം. സഹകരണ സംഘങ്ങളെ സംബന്ധിച്ച ആർ.ടി.ഐ അപേക്ഷകൾക്ക് സഹകരണ വകുപ്പ് ഇടപെട്ട് വിവരം ലഭ്യമാക്കണം. മറ്റൊരു ഓഫീസിലുള്ള വിവരങ്ങൾക്ക് നിയമ പ്രകാരം അപേക്ഷ അയച്ചുനൽകാതെ ഹരജിക്കാരനോട് പുതിയ അപേക്ഷ നല്കാൻ പറഞ്ഞ സഹകരണ വകുപ്പിലെ വിവരാധികാരിക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകും. ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്, ട്രാൻസ്പോർട്ട് കമ്മിഷഷണറേറ്റ് എന്നിവിടങ്ങളിലെ അപേക്ഷകളിലെ വിവരങ്ങൾ തെളിവെടുപ്പിൽ ലഭ്യമാക്കി.
വിവരാവകാശ നിയമം ഇന്ത്യൻ ജനാധിപത്യത്തിന്റെ അഞ്ചാം തൂൺ -ഡോ. എ. അബ്ദുൽ ഹക്കീം
കൊച്ചി: ഇന്ത്യൻ ജനാധിപത്യത്തിന്റെ അഞ്ചാമത്തെ തൂണായി പൗരസഞ്ചയത്തെ രൂപപ്പെടുത്തിയത് വിവരാവകാശ നിയമമെന്ന് സംസ്ഥാന വിവരവകാശ കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കിം പറഞ്ഞു. സെന്‍റ് തെരെസാസ് കോളേജിൽ ആർ.ടി.ഐ. ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ നേരിട്ട് ജനാധിപത്യ പ്രക്രിയയിൽ ഇപ്പോൾ ഇടപെടുന്നുണ്ട്. അതിന് വഴിതുറന്നത് വിവരാവകാശ നിയമമാണ്. സർക്കാറിന്‍റെ ഫയലുകൾ പൊതുജനം പരിശോധിക്കുന്ന ആധികാരികമായ സംവിധാനം നമ്മുടെ രാജ്യത്ത് ഉണ്ടായതും ഈ നിയമത്തിന്‍റെ നേട്ടമാണ് -ഡോ. എ. അബ്ദുൽ ഹക്കിം പറഞ്ഞു.
സെൻറ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൻസാ വിജയ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പ്രസിഡന്റ് ഡി.ബി. ബിനു മുഖ്യ പ്രഭാഷണം നടത്തി. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., പരിവർത്തൻ സംസ്ഥാന കോഡിനേറ്റർ ഐപ്പ് ജോസഫ്, ഡോ. കല എം.എസ്, ലക്ഷ്മി സി., ടി.എ. കാവ്യ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.