ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി ഉത്തരവ്. സംസ്ഥാനത്ത് എത്തുന്നതിന് 48 മണിക്കൂർ മുമ്പോ, എത്തിയ ഉടനെയോ പരിശോധനക്ക് വിധേയരാവണം. എത്തിയ ഉടനെയാണ് പരിശോധന നടത്തുന്നതെങ്കിൽ പരിശോധനാഫലം വരുന്നതുവരെ ക്വാറന്‍റീനിലിരിക്കണം. കോവിഡ് പ്രതിരോധ കുത്തിവെപ്പിന് വിധേയരായവരും ഈ നിർദേശം പാലിക്കണം.
കോവിഡ് വ്യാപകമായ പശ്ചാത്തലത്തിൽ വിവിധ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, ആരോഗ്യ സർവകലാശാല, മലയാളം സർവകലാശാല, സംസ്കൃത സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവയുടെ പരീക്ഷകളാണ് മാറ്റിവെച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലകള്‍ക്ക് ചീഫ് സെക്രട്ടറി അഞ്ചുകോടി രൂപ വീതം അനുവദിച്ച് ഉത്തരവിറക്കി. ദുരന്തനിവാരണഫണ്ടില്‍ നിന്നാണ് തുക നൽകുന്നത്. ജില്ല കലക്ടർമാർക്കാണ് തുക അനുവദിച്ചത്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായേക്കാമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഐ.സി.യു, വെന്‍റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശമുണ്ട്.
സംസ്ഥാനത്ത് നടന്ന കൂട്ടപരിശോധനയുടെ കൂടുതൽ ഫലം ഇന്ന് പുറത്തു വരും. അതിനാൽ തന്നെ പ്രതിദിന കോവിഡ് കണക്കുകളിൽ വർധനവുണ്ടായേക്കാം. അതേസമയം സംസ്ഥാനത്ത് അനുഭവപ്പെടുന്ന വാക്സിൻ ക്ഷാമം ആശങ്കക്കിടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.