തോട്ടങ്ങൾ ദത്തെടുക്കൽ പദ്ധതി വിപുലമാക്കി റബർ ബോർഡ്
text_fieldsകോട്ടയം: തോട്ടങ്ങൾ ദത്തെടുക്കുന്ന പദ്ധതി വിപുലമാക്കാൻ റബർ ബോർഡ്. ഉടമസ്ഥർ സ്ഥലത്തില്ലാത്തതും ടാപ്പിങ് തൊഴിലാളികളുടെ ലഭ്യതക്കുറവടക്കം വിവിധ കാരണങ്ങളുടെ പേരിൽ ടാപ്പിങ് മുടങ്ങിയതുമായ തോട്ടങ്ങളാണ് ബോർഡ് ഏറ്റെടുക്കുക. ഇതുവരെ 13,000 ഹെക്ടർ തോട്ടം പദ്ധതിപ്രകാരം ബോർഡ് ഏറ്റെടുത്തിട്ടുണ്ട്. അടുത്ത വർഷത്തോടെ 25,000 ഹെക്ടറിലെത്തിക്കുമെന്നും റബർ ബോർഡ് വൃത്തങ്ങൾ 'മാധ്യമ'ത്തോട് പറഞ്ഞു.
റബർ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും ടാപ്പിങ് നടത്താതെ തോട്ടങ്ങൾ നശിക്കുന്നത് ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ ബോർഡ് ലക്ഷ്യമിടുന്നു.
റബർ കൃഷി കൂടുതൽ സ്ഥലങ്ങളിൽ വ്യാപിപ്പിക്കാനുള്ള പദ്ധതിക്കും ബോർഡ് തുടക്കമിട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പുതുതായി രണ്ടുലക്ഷം ഹെക്ടർ സ്ഥലത്താകും കൃഷി ചെയ്യുക. ഇതിന് കേന്ദ്രസർക്കാർ അനുമതി നൽകി.
ബോർഡുമായി വിവിധതലങ്ങളിൽ സഹകരിക്കുന്ന ടയർ കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിന് കുറഞ്ഞ നിരക്കിൽ കാർഷികവായ്പ ലഭ്യമാക്കും. ഏഴുശതമാനം പലിശനിരക്കിലാകും വായ്പ. പദ്ധതി പ്രകാരം പുതുകൃഷിക്ക് വായ്പയെടുക്കുന്നവരുടെ ആദ്യ ഏഴുവർഷത്തെ പലിശയുടെ പകുതി ടയർ നിർമാതാക്കളുടെ സംഘടനയായ ആത്മ നൽകും. റബർ ബോർഡും ആത്മയും ഉണ്ടാക്കുന്ന ധാരണ കൃഷിക്കാർക്ക് ബാധ്യതയുണ്ടാക്കില്ല. റബർ കൃഷി വ്യാപിപ്പിക്കേണ്ടത് അനിവാര്യമായതിനാലാണിതെന്നും ബോർഡ് വ്യക്തമാക്കി. റബറിെൻറ ആവശ്യകത പ്രതിവർഷം 15 മുതൽ 20 ലക്ഷം ടൺവരെയായി ഉയരുമെന്നാണ് വ്യവസായികളുടെ കണക്ക്. അതിെൻറ 75 ശതമാനമെങ്കിലും രാജ്യത്ത് ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.
കേരളത്തിൽ പുതുകൃഷി സാധ്യത കുറവായതിനാൽ വടക്കുകിഴക്കൻ മേഖലകൾക്കായിരിക്കും മുന്തിയ പരിഗണന.
പദ്ധതിക്ക് ആവശ്യമായ മുഴുവൻ സാങ്കേതിക സഹായവും റബർ ബോർഡ് നൽകും. നിലവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപനം ശക്തമാണ്.
അതിനിടെ, റബർ ബോർഡ് ആസ്ഥാനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരിടത്തേക്ക് മാറ്റാനുള്ള നീക്കങ്ങളും നടന്നിരുന്നു. ടയർ ഇതര മേഖലകളിൽ പുതിയ റബർ ഉൽപന്നങ്ങൾ നിർമിക്കാനുള്ള സാധ്യതകളും ബോർഡിെൻറ പരിഗണനയിലാണ്. റബർ ഉൽപന്നങ്ങളുടെ പരിശോധന കുറഞ്ഞ നിരക്കിൽ നടത്താനുള്ള സംവിധാനവും ബോർഡ് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.