റബർ ബോർഡിെൻറ മോഡൽ ടി.എസ്.ആർ ഫാക്ടറി അടച്ചുപൂട്ടി
text_fieldsകോട്ടയം: മാങ്ങാനത്ത് പ്രവർത്തിക്കുന്ന റബർ ബോർഡിെൻറ മോഡൽ ടെക്നിക്കൽ സ്പെസിഫിക് റബർ ഫാക്ടറി (ടി.എസ്.ആർ) അടച്ചുപൂട്ടി. മേയ് 26ന് വൈകീട്ട് നാലിന് ഫാക്ടറിയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുമെന്ന് കാണിച്ച് റബർ ബോർഡ് ഉത്തരവിറക്കി. നിലവിൽ ജോലിചെയ്യുന്ന തൊഴിലാളികൾ പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. അവർക്ക് അർഹമായ ഗ്രാറ്റ്വിറ്റിയും വിടുതൽ ആനുകൂല്യവും നൽകുമെന്നും പറയുന്നു.
ഇവരുടെ തൊഴിൽ സംബന്ധമായ മുഴുവൻ വിഷയങ്ങളും കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിൽ ലഭിച്ച നിർദേശത്തെത്തുടർന്നാണ് നടപടി. കഴിഞ്ഞകാലങ്ങളിലെ ഉൽപാദനച്ചെലവ്, അസംസ്കൃത വസ്തുവിെൻറ ലഭ്യതക്കുറവ് എന്നിവയാൽ ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഫാക്ടറി പൂട്ടാൻ കാരണമെന്നാണ് റബർ ബോർഡ് അധികൃതരുടെ വിശദീകരണം.
2001ൽ വിജയപുരം പഞ്ചായത്ത് ഒമ്പതാം വാർഡിലാണ് മോഡൽ ടി.എസ്.ആർ ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. മൺപാൽ, ചിരട്ടപ്പാൽ, ഒട്ടുപാൽ എന്നിവ ശാസ്ത്രീയമായി സംസ്കരിച്ച് ബ്ലോക്ക് റബർ നിർമാണമാണ് പ്രധാനമായും നടത്തിയത്. ഗുണമേന്മയേറിയ മാതൃക റബർ ബ്ലോക്ക് വാങ്ങാൻ വിദേശത്തെയും ഇന്ത്യയിലെ വൻകിട ടയർ കമ്പനികളിലും എത്തിയിരുന്നു. പത്തുവർഷത്തോളം നല്ലരീതിയിൽ പ്രവർത്തിപ്പിച്ച് ഉൽപാദനം വർധിപ്പിച്ചതിനെത്തുടർന്ന് ഒരുകോടി മുടക്കി വലിയ ഗോഡൗണും പണിതിരുന്നു. ഇതിനിടെ, മലിനീകരണ നിയന്ത്രണബോർഡിെൻറ അംഗീകാരവും തേടിയെത്തി. മാനേജർ, ലാബ് അസിസ്റ്റൻറ്, ഫോർമാൻ, സൂപ്പർവൈസർ, ഡ്രൈവർ, തൊഴിലാളികൾ ഉൾപ്പെടെ 60പേരാണ് ഫാക്ടറിയിൽ ജോലിചെയ്തിരുന്നത്. ഇതിൽ 41പേർ തൊഴിലാളികളാണ്.
ഒന്നരവർഷം മുമ്പ് ഉൽപാദനം ഗണ്യമായി കുറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി. ഇതോടെ, മാനേജർമാരും സൂപ്പർവൈസർമാരും ഉൾപ്പെടെയുള്ളവരെ ബോർഡിെൻറ വിവിധ ഒാഫിസുകളിലേക്ക് മാറ്റിനിയമിച്ചു. ഇതോടെ, ഒാഫിസിെൻറയും ഫാക്ടറിയുടെയും പ്രവർത്തനം താൽക്കാലികമായി നിലച്ചു. ഇൗ കാലയളവിൽ തൊഴിലാളികൾക്ക് ശമ്പളവും ആനുകൂല്യവും നൽകിയ അധികൃതർ പിരിച്ചുവിടുന്ന നടപടി നേരേത്ത ആരംഭിച്ചിരുന്നു. കേന്ദ്ര തൊഴിൽ മന്ത്രാലയവുമായി കോട്ടയത്തും ഡൽഹിയിലും മൂന്നുതവണ ചർച്ചനടത്തിയശേഷം കഴിഞ്ഞമാസം 24ന് അവശേഷിക്കുന്ന തൊഴിലാളികളുടെ സേവനം പൂർണമായും അവസാനിപ്പിക്കണമെന്നുകാണിച്ച് കത്തുനൽകി. ഇതിനിടെ, ബോർഡ് ചെയർമാൻ എ. അജിത്കുമാർ അടക്കമുള്ളവരുമായി ചർച്ചക്ക് ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറുകയാണെന്ന് തൊഴിലാളി യൂനിയൻ നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.