മൂന്നുമാസംകൊണ്ട് റബറിന് 20 രൂപ വർധന
text_fieldsകോട്ടയം: മൂന്നുമാസത്തിനുള്ളിലെ ഉയർന്ന വിലയിലേക്ക് റബർ വിപണി. ഇക്കഴിഞ്ഞ ജൂെലെ ആദ്യവാരം കിലോക്ക് 114 രൂപ വ്യാപാരിവില ഉണ്ടായിരുന്നിടത്ത് ക്രമേണ വില ഉയർന്ന് 134ൽ എത്തി. രാജ്യാന്തര വിപണിയിലെ വില വർധിക്കുന്നതാണ് ആഭ്യന്തരവിപണിവില ഉയരാൻ കാരണം.
എന്നാൽ, രാജ്യാന്തര വിപണിയിലെ വിലവർധനക്കനുസരിച്ച വർധന ഇവിടെ ഉണ്ടാവുന്നില്ലെന്ന് കർഷകർ പറയുന്നു. പ്രധാന മാര്‍ക്കറ്റുകളിലൊന്നായ ബാങ്കോക്ക് വിപണിയിലാണ് ഏതാനും ദിവസമായി വില കുതിച്ചു കയറുന്നത്.
ഒരു മാസത്തിനുള്ളില്‍ 34.44 രൂപയുടെയും ഒരാഴ്ചക്കിടെ 16.14 രൂപയുടെയും ഏറ്റവുമൊടുവില്‍ ഒരു ദിവസത്തിനുള്ളില്‍ 5.08 രൂപയുടെയും വര്‍ധന ബാങ്കോക്ക് വിപണിയിലുണ്ടായി. അതേസമയം, ആഭ്യന്തരവിപണിയില്‍ ആനുപാതികമായി വിലവിർധനയുണ്ടായില്ല. ഏഴുരൂപ മാത്രമാണ് കർഷകർക്ക് ഈ മാസം കിലോക്ക് വർധന ലഭിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ തായ്ലന്ഡില് ടാപ്പിങ് നിലച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
മ്യാന്മറില്നിന്നുള്പ്പെടെയുള്ള തൊഴിലാളികളാണ് ഇവിടെ കൂടുതലായി ടാപ്പിങ്ങില്‍ ഏര്‍പ്പെട്ടിരുന്നത്. കോവിഡിനെത്തുടര്‍ന്ന് സ്വന്തം രാജ്യത്തേക്ക് പോയവർ മടങ്ങിയെത്താത്തത് തൊഴില്‍ പ്രതിസന്ധി രൂക്ഷമാക്കി. ഇതിനൊപ്പം ഇടവേളക്കുശേഷം സജീവമായ ചൈന തായ്ലന്ഡ് മാര്‍ക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും വില ഉയരാന്‍ കാരണമായെന്ന് പറയുന്നു.
ബാങ്കോക്ക് വില കുതിച്ചുതുടങ്ങിയ ഘട്ടത്തില്‍ ആഭ്യന്തരവിലയില്‍ കാര്യമായ വര്‍ധനയുണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചക്കിടെ ദിവസവും ഒന്നും രണ്ടും രൂപയുടെ വര്‍ധനയുണ്ടായി. വ്യാഴാഴ്ച റബർ ബോർഡ് വില ക്വിൻറലിന് 13,800 ആയിരുന്നു. ബാങ്കോക്ക് വില ക്വിൻറിലിന് 15,155 ആയിരുന്നു.
രാജ്യാന്തര വില ഉയരുന്നുണ്ടെങ്കിലും ആഭ്യന്തര മാര്‍ക്കറ്റില്‍ കൈയയച്ചു പണം നല്കാന് ടയര്‍ വ്യാപാരികള്‍ തയാറായിട്ടില്ല. കോവിഡിനുശേഷം വിപണിയില്‍ കമ്പനികള്‍ സജീവമായി ഇടപെട്ടിട്ടില്ല. വരും ദിവസങ്ങളില്‍ കമ്പനികളുടെ ഇടപെടലുണ്ടാകുമെന്നും വില 145 രൂപ കടക്കുമെന്നുമാണ് വ്യാപാരികള്‍ നല്കുന്ന സൂചന. ഏതാനും മാസങ്ങളായി വില താഴ്ന്നു നിന്നതിനാല്‍ ഭൂരിഭാഗം കര്‍ഷകരും ഒട്ടുപാലാക്കിയതോടെ ഷീറ്റ് റബറിന് ലഭ്യതക്കുറവും അനുഭവപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.