റബർ വിലയിടിവ് പരിഹരിക്കാൻ സർക്കാർ ഇടപെടണം -കെ.എം മാണി
text_fieldsതിരുവനന്തപുരം: റബർ വിലയിടിവ് പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്‍റെ അടിയന്തര പ്രമേയം. വിഷയം നിയമസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പാർട്ടി നിയമസഭാ കക്ഷി നേതാവ് കെ.എം മാണിയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
റബർ വിലസ്ഥിരതാ ഫണ്ട് നിലച്ചെന്നും കർഷകരെ സംരക്ഷിക്കാനുള്ള പദ്ധതികൾക്ക് മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും മാണി ആവശ്യപ്പെട്ടു. അത്തരമൊരു നിലപാടിലേക്ക് സർക്കാർ വന്നാൽ അതിനെ കേരളാ കോൺഗ്രസ് പിന്തുണക്കും. നല്ലത് ചെയ്താൻ നല്ലതെന്ന് പറയുന്ന പാർട്ടിയാണ് തങ്ങളുടേത്. മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്‍റെ നയങ്ങളാണ് റബർ ഇടിവിന് കാരണമെന്ന് മാണി ചൂണ്ടിക്കാട്ടി.
റബറിന്‍റെ വിലയിടിവ് കാരണം കേന്ദ്ര സർക്കാരും ലോക വ്യാപാര സംഘടനയുടെ കരാറുമാണെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ മറുപടി നൽകി. വില സ്ഥിരത ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. റബർ വിലസ്ഥിരതാ ഫണ്ട് പദ്ധതി നല്ല നിലയിൽ പുരോഗമിക്കുന്നുണ്ട്. 500 കോടി രൂപ ഫണ്ടിനായി വകയിരുത്തിയിട്ടുണ്ട്. ഇതിൽ 283 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി. റോഡ് അടക്കമുള്ള നിർമാണത്തിന് റബർ ഉപയോഗിക്കുന്നതിന് അനുമതി നൽകും. ഇതിന് പ്രത്യേക പദ്ധതി തയാറാക്കും.
വിഷയത്തിൽ ചർച്ചക്ക് സർക്കാർ തയാറാണ്. നിയമസഭക്ക് പുറത്തുവെച്ച് വിഷയം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ബന്ധപ്പെട്ടവരുടെ യോഗം ഉടൻ തന്നെ മുഖ്യമന്ത്രി വിളിക്കുമെന്നും കൃഷി മന്ത്രി വ്യക്തമാക്കി. ഇപ്പോഴെങ്കിലും പി. ചിദംബരത്തെ തള്ളിപ്പറയാൻ കെ.എം മാണി തയാറായതിൽ സന്തോഷമുണ്ടെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.
നിയമസഭാ സമ്മേളനം പുനരാരംഭിച്ചതിന് ശേഷം രണ്ടാം ദിവസവും പ്രതിപക്ഷം ചോദ്യോത്തരവേളയോട് സഹകരിച്ചു. സഭാ നടപടികൾ തടസപ്പെടുത്തേണ്ടെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.