കർഷകർക്ക് പ്രതീക്ഷയായി റബർ വിലയിലെ മുന്നേറ്റം
text_fieldsപത്തനംതിട്ട: റബർ കർഷകർക്ക് പുതിയ പ്രതീക്ഷകൾ നൽകുകയാണ് വിലയിലെ മുന്നേറ്റം. കഴിഞ്ഞ ദിവസം ആർ.എസ്.എസ് നാല് ഗ്രേഡിന് 165 രൂപ വില ലഭിച്ചു. ആർ.എസ്.എസ് അഞ്ച് ഗ്രേഡിന് 147 രൂപയും ഐ.എസ്.എസിന് 135 രൂപയുമായിരുന്നു വ്യാപാരി വില. ഒട്ടുപാലിന് 81 രൂപ വരെയും ലഭിച്ചു.
കഴിഞ്ഞ ഏഴു വർഷത്തെ ഉയർന്ന വിലയായ 165 രൂപയിലേക്കാണ് കഴിഞ്ഞ ആഴ്ച റബർ വില മുന്നേറിയത്. അന്താരാഷ്ട്ര വില 187 വരെയുമെത്തി.
2012 ൽ തുടങ്ങിയ പതനത്തിൽനിന്ന് കരകയറാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു മലയോരമേഖലയിലെ റബർ കർഷകർ. കോവിഡിനെ തുടർന്ന് തുറമുഖങ്ങളിലും മറ്റും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ഇറക്കുമതി കുറഞ്ഞതും വാഹന വിപണി ഉഷാറായത് ടയർ കമ്പനികൾക്ക് നേട്ടമായതും തദ്ദേശ റബറിനോടുള്ള താൽപര്യത്തിന് കാരണമായി.
വിപണി വിലയെക്കാൾ ഉൽപാദന ചെലവ് കൂടിയതോടെ കർഷകർ റബർ കൃഷിയിൽനിന്ന് പിൻവാങ്ങി തുടങ്ങിയിരുന്നു. റീ പ്ലാൻറ് ചെയ്യാതെയും കളകൾ നീക്കം ചെയ്യാതെയും പലയിടത്തും തോട്ടങ്ങളിൽ കാടുകയറി കിടക്കുകയാണ്. റബർതൈകൾ നട്ട് കളകൾ കൃത്യമായി നീക്കം ചെയ്ത് വളപ്രയോഗം നടത്തി ഏഴാം വർഷം ടാപ്പിങ്ങിന് പ്രായമാകുമ്പോൾ വരെ ചെലവാകുന്ന തുക തിരിച്ചുപിടിക്കാൻ കഴിയുന്നില്ല എന്നതായിരുന്നു പ്രതിസന്ധിക്ക് കാരണം.
തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട്, കല്ലേലി, അരുവാപ്പുലം തുടങ്ങിയ പ്രദേശങ്ങളിൽ ആവർത്തന കൃഷി ചെയ്യാതെയും ടാപ്പിങ് നടത്താതെയും റബർ തോട്ടങ്ങൾ നശിച്ചിരുന്നു. മഴക്കാലത്ത് ടാപ്പിങ്ങിനായി െറയിൻ ഗാർഡ് ഇടുന്നതിനുള്ള പോളിത്തീൻ, ബിറ്റുമെൻ തുടങ്ങിയവയുടെ ലഭ്യത കുറവും ലോക്ക് ഡൗണിനെ തുടർന്നുണ്ടായി.
പല കർഷകരും റബർ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്കും തിരിഞ്ഞു. മുൻ വർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ വില കൂടുന്ന പതിവുണ്ടായിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല. റബർ ഉണക്കി സൂക്ഷിക്കുന്ന കർഷകർക്ക് മുമ്പ് ഇത് ഏറെ പ്രയോജനം ചെയ്തിരുന്നുവെങ്കിലും ഇത്തവണ ഏപ്രിൽ, മേയ് മാസങ്ങളിൽ 115 രൂപക്ക് സ്റ്റോക്ക് വിറ്റഴിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.