റബർ വിലയിടിവ്: ഒടുവിൽ ഇടപെട്ട് റബർ ബോർഡ്; ടയർ കമ്പനികളുമായി ചർച്ച
text_fieldsകോട്ടയം: റബർ വിലയിടിവിന് പരിഹാരം കാണാൻ റബർ ബോർഡ് ഇടപെടൽ. ആഭ്യന്തര വിപണിയിൽനിന്ന് ടയർ കമ്പനികൾ വിട്ടുനിൽക്കുന്നതിനാൽ റബർ വില കുത്തനെ ഇടിയുകയാണ്. ആഴ്ചകളായി പ്രധാന കമ്പനികളൊന്നും റബർ വാങ്ങാത്ത സ്ഥിതിയാണ്. ഇത് കർഷകരെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയതോടെയാണ് വിഷയത്തിൽ റബർ ബോർഡിന്‍റെ ഇടപെടൽ.
ഇതിന്‍റെ ഭാഗമായി റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ടയർ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി കർഷകരുടെ ആശങ്ക പങ്കുവെച്ചു. റബർ ഉൽപാദനം കൂടുന്ന മാസങ്ങളാണ് മുന്നിലുള്ളത്. മെച്ചപ്പെട്ട വിളവ് കിട്ടുന്ന സമയത്ത് വൻകിട ടയർ കമ്പനികൾ വിപണിയിൽനിന്ന് വിട്ടുനിൽക്കുന്നത് കർഷകരുടെ ദുരിതം വർധിപ്പിക്കും. സംഭരണം മെച്ചപ്പെടുമെന്ന് ഉറപ്പുണ്ടെങ്കിലേ കർഷകർ ഷീറ്റുറബർ ഉൽപാദിപ്പിക്കാൻ തയാറാകൂ. കർഷകർ വിളവെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നത് ഉപഭോക്തൃ മേഖലക്കും ദോഷകരമാകും. റബർ ശൃംഖലയിലെ എല്ലാവർക്കും പ്രയോജനകരമായ നടപടികളാണ് ഉണ്ടാകേണ്ടതെന്ന് ചർച്ചയിൽ ഡോ. രാഘവൻ പറഞ്ഞു. ഉൽപാദനം കൂടുതലുള്ള മാസങ്ങളിൽ കഴിഞ്ഞവർഷം സംഭരിച്ച അളവിൽ കുറയാത്ത റബർ വിപണിയിൽനിന്ന് സംഭരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുമെന്ന് കമ്പനി പ്രതിനിധികൾ എക്സിക്യൂട്ടിവ് ഡയറക്ടറെ അറിയിച്ചു. എം.ആർ.എഫ്, ജെ.കെ ടയേഴ്സ്, അപ്പോളോ, സിയറ്റ് എന്നീ മുൻനിര കമ്പനികളാണ് ഉൽപാദനം കൂടുതലുള്ള സീസണിൽ റബർ സംഭരണത്തിന് സന്നദ്ധത അറിയിച്ചത്.
കമ്പനികൾ കൂടുതൽ റബർ വാങ്ങാൻ സന്നദ്ധത അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ കർഷകർ ഷീറ്റുറബർ ഉൽപാദനത്തിലേക്ക് തിരിച്ചുവരണമെന്നും ഇതിന്‍റെ ആവശ്യകത കർഷകരെ ബോധ്യപ്പെടുത്താനും വേണ്ട സഹായങ്ങൾ നൽകാനും റബർ ഉൽപാദകസംഘങ്ങൾ മുന്നോട്ടുവരണമെന്നും എക്സിക്യൂട്ടിവ് ഡയറക്ടർ പറഞ്ഞു. ടയർ കമ്പനികൾ വിപണിയിൽ സജീവമാകുന്നതോടെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് റബർ ബോർഡ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.