രുഗ്മിണി വിരിയിക്കുന്നു, ഒരായിരം പോസിറ്റിവ് പൂക്കൾ
text_fieldsകൽപറ്റ: കാര്യമ്പാടിയിലെ നഴ്സറിയിൽ പൂച്ചെടികൾ നനക്കുന്ന തിരക്കിനിടയിൽനിന്ന് രുഗ്മിണി ഭാസ്കരൻ ചിലപ്പോഴൊക്കെ അവധിയെടുത്ത് 'മുങ്ങും'. എൽ.ജെ.ഡിയുടെ വനിത വിഭാഗമായ മഹിള ജനതയുടെ സംസ്ഥാന പ്രസിഡന്റിന് ചിലപ്പോൾ തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി യോഗമുണ്ടാകും. അല്ലെങ്കിൽ തിരക്കുപിടിച്ച മറ്റെന്തെങ്കിലും ചടങ്ങുകൾ. അതുമല്ലെങ്കിൽ പെൻഷൻ വിതരണത്തിനാകും പോക്ക്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, സംസ്ഥാന വനിത കമീഷൻ മുൻ അംഗം എന്നീ ലേബലുകൾ രുഗ്മിണിയുടെ ജീവിതത്തെ ബാധിച്ചിട്ടേയില്ല. ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് മെംബറും കണിയാമ്പറ്റ സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്നുവെന്നതും അവരുടെ പിന്നീടുള്ള കാലങ്ങളെ മാറ്റിമറിച്ചിട്ടില്ല. അധികാരക്കസേരകളിൽനിന്നകന്ന് പൂന്തോട്ടത്തിൽ ജോലിക്കാരിയായി മാറിയതിനെക്കുറിച്ച് ചോദിക്കുമ്പോൾ രുഗ്മിണി പറയുന്നതിങ്ങനെ -'ജീവിച്ചുപോകണ്ടേ'.
ആദിവാസി വിഭാഗത്തിൽപെട്ട കുറുമ സമുദായാംഗമാണ് രുഗ്മിണി. 2005ലാണ് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുന്നത്. കാര്യമ്പാടി ഓണിവയൽ കോളനിയിൽ താമസം. തിരക്കുപിടിച്ച നാളുകൾക്കുശേഷം രുഗ്മിണി കൂലിപ്പണിക്ക് പോയത് ജീവിക്കാൻതന്നെയാണ്. അധികാരം കൈയാളിയിരുന്ന നാളുകളിൽ അനർഹമായി ഒരുരൂപ പോലും താനുണ്ടാക്കിയിട്ടില്ലെന്ന് അവർ അഭിമാനത്തോടെ പറയുന്നു. 'ജോലിചെയ്ത് അന്നന്നത്തെ അന്നത്തിനുള്ള വക സമ്പാദിക്കുമ്പോൾ മനസ്സിന് നല്ല സന്തോഷമാണ്.'
'ഔദ്യോഗിക തിരക്കുകളിൽനിന്നകന്ന ശേഷം വീടിന് തൊട്ടടുത്തുള്ള തോട്ടത്തിലെ ഷെഡിൽ കഞ്ഞിവെക്കാൻ ആളെ അന്വേഷിച്ചു നടന്നിരുന്നു ഉടമ ജോണേട്ടൻ. എന്നോടും ആളെ നോക്കാൻ പറഞ്ഞു. ആരെയും കിട്ടാതായപ്പോൾ ഞാൻ തന്നെ ജോലിക്ക് വരാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഭർത്താവ് ഒ.കെ. ഭാസ്കരന് കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് പരിക്കേറ്റതിന്റെ അവശതയുണ്ട്. കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി പറഞ്ഞിരുന്നെങ്കിലും വിട്ടുനിന്നു. നിത്യയും നിതയും മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.