ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയ വിധി 1991ലെ ആരാധനാലയ നിയമത്തിൻ്റെ ലംഘനം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: യു.പി വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവർക്ക് അനുമതി കൊടുത്ത വരാണസി ജില്ല കോടതിവിധി 1991ലെ ആരാധനാലയ നിയമത്തിൻ്റെ നഗ്നമായ ലംഘനമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. മസ്ജിദിന്റെ അടിത്തറ ഭാഗം ഏഴ് ദിവസങ്ങൾക്കകം പൂജാദി കർമങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കാൻ ജില്ല ഭരണകൂടത്തോട് നിർദേശിച്ച കോടതി 1991ലെ ആരാധനാലയ നിയമം നേർക്കു നേരെ ലംഘിക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിൽ നിയമവും നീതിയും ഉയർത്തിപ്പിടിക്കാൻ ഏറ്റവും കൂടുതൽ ബാധ്യതപ്പെട്ട നീതിന്യായ സംവിധാനങ്ങൾ തന്നെ നിയമ ലംഘനങ്ങൾക്ക് മേലൊപ്പ് ചാർത്തുന്നത് ചോദ്യം ചെയ്യപ്പെടണം. കോടതിവിധിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം.- അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിം ആരാധനാലയങ്ങൾക്ക് മേലുള്ള ഹിന്ദുത്വ കൈയേറ്റങ്ങൾ ഇന്ത്യയിൽ തുടർക്കഥയാവുന്ന സൂചനയാണ് നമുക്ക് മുമ്പിലുള്ളത്. ഇതവസാനിപ്പിക്കണം. ബാബരി മസ്ജിദ് ധ്വംസനത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ തനിപ്പകർപ്പാണ് ഇപ്പോൾ ഗ്യാൻവാപി മസ്ജിദ് വിഷയത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആരാധന അനുമതിക്കായി ഹിന്ദു വിഭാഗത്തിൽ നിന്ന് ജില്ല കോടതിയിൽ സമർപ്പിക്കപ്പെട്ട എല്ലാ ഹരജികളും നിസാര വ്യത്യാസങ്ങൾ മാത്രമുള്ള കോപ്പി-പേസ്റ്റ് ഡോക്യുമെന്റുകളാണ്. ബാബരി തിരക്കഥയിലേതു പോലെ വ്യാജ ചരിത്രങ്ങൾ ചമച്ചും യാഥാർഥ്യങ്ങളെ കുഴിച്ചു മൂടിയും ഹിന്ദു മതവികാരം ഇളക്കി വിട്ടും കേന്ദ്ര സ്ഥാപനമായ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലൂടെ ചരിത്രാന്വേഷണ രീതിശാസ്ത്രത്തെ തങ്ങളുടെ താല്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗിച്ചും നീതിന്യായ സംവിധാനങ്ങളെ സ്വാധീനിച്ചുമാണ് ഗ്യാൻവാപിയെ ലക്ഷ്യമാക്കിയുള്ള നീക്കങ്ങളും നടന്നു കൊണ്ടിരിക്കുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പൗരസമൂഹവും ജനാധിപത്യ - മതനിരപേക്ഷ പ്രസ്ഥാനങ്ങളും ഇത്തരം കുതന്ത്രങ്ങളെ തുറന്നെതിർത്ത് രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഥുരയിലെ ഷാഹി ഈദ് ഗാഹ്, ലക്നോവിലെ ടീലെ വാലി മസ്ജിദ്, ആഗ്രയിലെ ബീഗം സാഹിബ മസ്ജിദ്, മംഗളൂരുവിലെ മലാലി മസ്ജിദ്, ശ്രീരംഗപട്ടണത്തെ ജാമിഅ മസ്ജിദ്, വിവിധ ദർഗകൾ, രാജസ്ഥാനിലെ അജ്മീർ ശരീഫ് തുടങ്ങി രാജ്യത്തെ നിരവധി മുസ്‌ലിം ആരാധനാലയങ്ങളെയും ആത്മീയ കേന്ദ്രങ്ങളെയും ഉന്നം വെച്ചുള്ള ഹിന്ദുത്വ പദ്ധതിക്കെതിരെ ശക്തമായ സാമൂഹിക പ്രതിരോധങ്ങൾ ഉയർന്നു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി 1991ലെ ആരാധനാലയ നിയമം കർശനമായി നടപ്പാക്കാൻ സുപ്രീം കോടതി സവിശേഷമായി ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.