നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; ക്ഷേമപെൻഷനിൽ ‘തിളച്ച്’ സഭ
text_fieldsതിരുവനന്തപുരം: അഞ്ചുമാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങിയതിലും പെൻഷൻ ലഭിക്കാതെ കോഴിക്കോട് വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിലും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ നിയമസഭയുടെ നടുത്തളത്തിലിറങ്ങിയും സഭ ബഹിഷ്കരിച്ചും പ്രതിപക്ഷ പ്രതിഷേധം.
40 മിനിറ്റോളം സ്പീക്കറുടെ ഡയസിനു മുന്നിൽ പ്ലക്കാർഡേന്തി മുദ്രാവാക്യം മുഴക്കിയശേഷമാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പോർവിളിക്കും സഭ സാക്ഷിയായി. ജോസഫിന്റെ ആത്മഹത്യ പെൻഷൻ ലഭിക്കാത്തതുകൊണ്ടാണെന്ന വാദം ധനമന്ത്രി കെ.എൻ. ബാലഗോപാൽ തള്ളി. ഇങ്ങനെ ഒരു വസ്തുതയും പുറത്തുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പെൻഷൻ സംബന്ധിച്ച് ജോസഫ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയത് നവംബർ ഒമ്പതിനാണെന്നും നവംബറിലും ഡിസംബറിലും അദ്ദേഹം പെൻഷൻ വാങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇദ്ദേഹം ഒരുവർഷത്തിനിടെ, തൊഴിലുറപ്പിലൂടെയും പെൻഷനിലൂടെയും 52,400 രൂപ കൈപ്പറ്റിയിട്ടുണ്ട്. അതിദരിദ്രരുടെ പട്ടികയിലുള്ളതിനാൽ 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നുണ്ട്. ഒന്നരയേക്കർ ഭൂമി സ്വന്തമായുള്ള ജോസഫിന് ആത്മഹത്യയിലേക്ക് നയിക്കുംവിധമുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നില്ല. ജോസഫ് മുമ്പ് മൂന്ന് ആത്മഹത്യശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗുളികയിടുന്ന കവറിനു പുറത്ത് ആത്മഹത്യ സംബന്ധിച്ച് രേഖപ്പെടുത്തിയ കുറിപ്പിന്റെ ആധികാരികത സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പെൻഷൻ ലഭിക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്യുന്നതിന് സർക്കാറാണ് ഉത്തരവാദിയെന്ന് മരുന്നുകവറിനു മുകളിൽ എഴുതിവെച്ചാൽ കേരള സർക്കാറല്ലാതെ തമിഴ്നാട് സർക്കാർ പ്രതിയാകുമോ എന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.സി. വിഷ്ണുനാഥ് ചോദിച്ചു. ജീവിതം വഴിമുട്ടിയപ്പോഴാണ് ജോസഫ് ആത്മഹത്യ ചെയ്തത്.
നിത്യചെലവിനും മരുന്നിനും പണമില്ലാതെ 50 ലക്ഷം പേർ ദുരിതമനുഭവിക്കുമ്പോൾ സഭയിലെ എ.സിയുടെ സുഖശീതളിമയിൽ നമുക്ക് സ്വസ്ഥമായിരിക്കാൻ കഴിയില്ല. അവരുടെ വികാരം പ്രകടിപ്പിക്കാനല്ലെങ്കിൽ പിന്നെ സഭ എന്തിനാണെന്നും വിഷ്ണുനാഥ് ചോദിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിൽ 40 ലക്ഷത്തിന് സംഗീതം പൊഴിക്കുന്ന കാലിത്തൊഴുത്തും ചാണകക്കുഴിക്ക് 3.72 ലക്ഷവും അനുവദിക്കുന്ന നാട്ടിലാണ് പാവപ്പെട്ടവരുടെ സാമൂഹിക പെൻഷൻ നൽകാത്തതെന്നും അദ്ദേഹം പറഞ്ഞു.
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ജോസഫിന്റെ ആത്മഹത്യ പെൻഷൻ ലഭിക്കാത്തതിന്റെ പേരിലല്ലെന്ന് മന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്ത ജോസഫിനെ സർക്കാർ അവഹേളിക്കുകയാണ്. ലക്ഷക്കണക്കിനു പേർ ക്ഷേമപെൻഷനില്ലാതെ ബുദ്ധിമുട്ടുമ്പോഴും കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണം പ്രതിസന്ധിയിലാകുമ്പോഴും കേരളീയവും നവകേരള സദസ്സും നടത്തി ധൂർത്തടിക്കുന്നതാണ് സർക്കാറിന്റെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.