അനിൽ ആന്റണി ബി.ജെ.പി സ്ഥാനാർഥി? പുതുപ്പള്ളിയിൽ അഭ്യൂഹം മുറുകുന്നു
text_fieldsകോട്ടയം: കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന പുതുപ്പള്ളി മണ്ഡലവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന പ്രചാരണത്തിനിടെ മുതിർന്ന മറ്റൊരു കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബി.ജെ.പി ഇവിടെ രംഗത്തിറക്കുമെന്നതാണ് പുതിയ വാർത്ത. അതിന് ബലം പകരുന്ന വിധം ചില സി.പി.എം നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഈ മണ്ഡലത്തിൽ 11,000ത്തിലധികം വോട്ട് നേടിയിരുന്നു. അനിൽ വന്നാൽ അതിൽ കൂടുതൽ വോട്ട് എന്നതാണ് ബി.ജെ.പി ലക്ഷ്യം.
മക്കള്‍ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നേതാക്കളുടെ മക്കള്‍ മണ്ഡലത്തിൽ പരസ്പരം ഏറ്റുമുട്ടുമോ എന്ന ചോദ്യമാണ് സി.പി.എമ്മിലെ ചില ഉന്നതർ ഉന്നയിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇത് ഉയർത്തിക്കാണിക്കുന്നതിലൂടെ രാഷ്ട്രീയ നേട്ടമാണ് സി.പി.എമ്മിന്റെ ലക്ഷ്യം. വരുംദിവസങ്ങളിൽ പുതുപ്പള്ളി കടുത്ത രാഷ്ട്രീയ ചൂടിലേക്കാണെന്നതിന്റെ സൂചനകളായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ രണ്ടുതവണ ഉമ്മൻ ചാണ്ടിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസ് തന്നെയാണ് സി.പി.എമ്മിൽ മുൻതൂക്കമുള്ള സ്ഥാനാർഥിപ്പേര്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാമ്പാടിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തതും ക്രൈസ്തവ സഭ അധ്യക്ഷനെ സന്ദർശിച്ചതുമെല്ലാം വോട്ടുറപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് വ്യാഖ്യാനം. ഉപതെരഞ്ഞെടുപ്പിന്റെ സംഘടനാപരമായ ഒരുക്കങ്ങളിലേക്കും കോൺഗ്രസ് കടന്നു.
ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി. ജോസഫിനുമാണ് തെരഞ്ഞെടുപ്പ് ചുമതല. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന നാല്പതാം നാളിനുശേഷം പരസ്യപ്രചാരണ പ്രവര്‍ത്തനങ്ങൾ തുടങ്ങാനും പാർട്ടിയിൽ ധാരണയായിട്ടുണ്ട്.അതേസമയം, മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറെണ്ണവും എൽ.ഡി.എഫാണ് ഭരിക്കുന്നത്. ആ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.