റുൻജയ് റാമിന് വീട്ടിലെത്തണം; അച്ഛെൻറ വേർപാടിൽ കരയുന്ന അമ്മയെ ആശ്വസിപ്പിക്കണം
text_fieldsആലപ്പുഴ: ബിഹാറിലേക്ക് ആലപ്പുഴയിൽനിന്ന് ചൊവ്വാഴ്ച ട്രെയിൻ പോകുന്നുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞ് രാവിലെതന്നെ റെയിൽവേ സ്റ്റേഷനിലെത്തിയതാണ് ബിഹാർ ഔറംഗാബാദ് ബാലിയ സ്വദേശി റുൻജയ് റാം (33).
നാട്ടിലേക്ക് വരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തു. ഏറെ പ്രതീക്ഷയോടെയാണ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ, അപ്പോഴേക്കും ട്രെയിനിൽ ബിഹാറിലേക്ക് പോകാനുള്ള 1140 പേരുടെ പട്ടിക അധികൃതർ തയാറാക്കിയിരുന്നു.
റെയിൽവേ സ്റ്റേഷനിലെ ഹെൽപ് ഡെസ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്തും മാറി മാറി യാത്രക്കുള്ള സഹായം അഭ്യർഥിച്ചു നടക്കുന്ന റുൻജയ് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. ലിസ്റ്റിൽ പേരില്ലാത്തതിനാൽ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് അധികൃതരും കൈമലർത്തി. നാലുമണിക്ക് ട്രെയിൻ പുറപ്പെടുന്നതുവരെ സ്റ്റേഷനിൽ കാത്തുനിന്നിട്ടാണ് ഒടുവിൽ റുൻജയ് താമസസ്ഥലത്തേക്ക് നിരാശനായി മടങ്ങിയത്.
2011ൽ കേരളത്തിലെത്തിയതാണ് റുൻജയ്. എറണാകുളത്തും പാലക്കാടും അടക്കം വിവിധയിടങ്ങളിൽ നിർമാണ ജോലികൾ നോക്കി. നവംബറിലാണ് ആലപ്പുഴയിലെത്തിയത്. നഗരത്തിൽ ഒരു ജ്വല്ലറി ഗ്രൂപ്പിെൻറ കെട്ടിടനിർമാണത്തിൽ ഏർപ്പെട്ടിരിക്കെയാണ് രാജ്യം ലോക് ഡൗണിലായത്. റുൻജയിനൊപ്പമുള്ള ബാക്കി ഏഴ് തൊഴിലാളികൾ ബംഗാളിൽനിന്നുള്ളവരാണ്. ഇവിടെ സ്വന്തം സംസ്ഥാനത്തുനിന്നുള്ളവരാരും സുഹൃത്തുക്കളായില്ല. ബിഹാറിലേക്ക് ട്രെയിൻ പോകുന്ന വിവരം ഒന്നും അറിഞ്ഞില്ലെന്ന് റുൻജയ് പറയുന്നു. അമ്മയും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണിയാണ്.
അച്ഛൻ മാന്ദേവ് റാം അടുത്തിടെ സൈക്കിളിൽ കാറിടിച്ച് മരിച്ചു. അതിന് നാട്ടിലെത്താനായില്ല. എന്ന് നാട്ടിൽ പോകാനാകുമെന്നറിയില്ല. അതിന് എന്താണ് ചെയ്യേണ്ടതെന്നുമറിയില്ല. കുഞ്ഞുമക്കളും കുടുംബവും താനെത്തുന്നതും കാത്തിരിക്കുകയാണ്. റെയിൽവേ സ്റ്റേഷന് പുറത്തെ സിമൻറ് തിണ്ണയിലിരുന്ന് ഇത് പറയവേ റുൻജയുടെ കണ്ണുകൾ നനഞ്ഞു. 7015519748 എന്ന നമ്പറിലുള്ള തെൻറ പഴയ നോക്കിയ ഫോണിലേക്ക് വൈകാതെയെങ്കിലും അധികൃതരുടെ ഒരു ആശ്വാസ ശബ്ദം എത്തും എന്ന പ്രതീക്ഷയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തു തന്നെയുണ്ടാകും റുൻജയ് റാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.