100 രൂപക്കായി നെട്ടോട്ടം; അവസരം മുതലെടുക്കാനും ശ്രമം
text_fieldsകൊച്ചി: 100 രൂപ നോട്ടുകള്‍ക്കായി ബുധനാഴ്ച നെട്ടോട്ടമായിരുന്നു. ഇതിനായി മിക്കവരും പല അടവുകളും പുറത്തെടുക്കുകയും ചെയ്തു. റെയില്‍വേ സ്റ്റേഷനുകള്‍, പെട്രോള്‍ പമ്പുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍നിന്ന് 500, 1000 രൂപ നോട്ടുകള്‍ മാറിക്കിട്ടുമെന്ന് അറിഞ്ഞതോടെ പലരും ഇവിടങ്ങളിലേക്ക് വെച്ചുപിടിച്ചു. രാവിലെതന്നെ റെയില്‍വേ സ്റ്റേഷനുകളിലത്തെിയവര്‍ കുറഞ്ഞ ദൂരത്തേക്കുള്ള ടിക്കറ്റെടുത്ത് 500ന്‍െറയും 1000ന്‍െറയും നോട്ടുകള്‍ മാറിയെടുത്തു.
ചില വിരുതന്മാര്‍ 500 രൂപ നോട്ടുമായി പത്ത് രൂപയുടെ പ്ളാറ്റ്ഫോം ടിക്കറ്റെടുക്കാനും എത്തി. പിന്നീട് എത്തിയവര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ചില്ലറയില്ലാത്തതിനാല്‍ ടിക്കറ്റുപോലും കിട്ടിയില്ല. പിന്നീട്, പിടിവലി നടന്നത് പെട്രോള്‍ പമ്പുകളിലായിരുന്നു. 1000ത്തിന്‍െറയും 500ന്‍െറയും നോട്ടുമായി എത്തി 100 രൂപക്ക് ബൈക്കില്‍ പെട്രോള്‍ അടിച്ച് ചില്ലറ മാറാനാണ് മിക്കവരും ശ്രമിച്ചത്. ആദ്യമൊക്കെ ഇത് നടന്നെങ്കിലും ഉച്ചയോടെ മിക്ക പമ്പുകളും ‘ചില്ലറ പ്രതിസന്ധി’യിലായി. ഇതോടെ, 500ന്‍െറ നോട്ടുമായി എത്തിയവരോട് മുഴുവന്‍ തുകക്കുമാണെങ്കില്‍ പെട്രോള്‍ തരാം എന്നായി ജീവനക്കാര്‍.
ഇത് വാക്കേറ്റത്തിനും ഇടയാക്കി. ചില്ലറയില്ലായ്മയും വാക്കേറ്റവും കൂടിയായതോടെ പല പമ്പുകളും വൈകുന്നേരത്തോടെ അടച്ചു. ബാങ്കുകളില്‍നിന്ന് ആവശ്യത്തിന് ചില്ലറ ലഭിക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ കൈക്കൊണ്ടില്ളെങ്കില്‍ വ്യാഴാഴ്ച പമ്പുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു. സാധാരണ ദിവസങ്ങളില്‍ ഒരുലക്ഷത്തോളം രൂപയുടെ ചില്ലറയേ മിക്കവാറും പമ്പുകാര്‍ കരുതാറുള്ളൂ. പുതിയ സാഹചര്യത്തില്‍ ആവശ്യത്തിന് ചില്ലറ നോട്ടുകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എറണാകുളം മാര്‍ക്കറ്റില്‍ രാവിലെ 500ന്‍െറ നോട്ട് എടുക്കാന്‍ കച്ചവടക്കാര്‍ മടിച്ചെങ്കിലും ഉച്ചയോടെ സ്വീകരിച്ചുതുടങ്ങി. വില്‍പന നടക്കാതെ പച്ചക്കറിയും മീനുമെല്ലാം നശിക്കുമെന്ന് കണ്ടതോടെയാണിത്. വ്യാഴാഴ്ച ബാങ്ക് തുറക്കുമ്പോള്‍ ഈ നോട്ടുകള്‍ മാറ്റിവാങ്ങാമെന്ന പ്രതീക്ഷയിലാണിത്. എറണാകുളത്തെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലെല്ലാം ബുധനാഴ്ച ബന്ദിന്‍െറ പ്രതീതിയായിരുന്നു.
ആഭരണശാലകള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും ആളൊഴിഞ്ഞ് കിടന്നു. ഇതിനിടെ, അവസരം മുതലാക്കാനും ശ്രമം നടന്നു. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപവും മറ്റും തമ്പടിച്ച ചിലര്‍ 500ന്‍െറ നോട്ട് വാങ്ങി പകരം 400ഉം 450ഉം രൂപ നല്‍കിയാണ് അവസരം മുതലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.