വരുന്നു, എല്ലാ ജില്ലയിലും നഗരപാത നവീകരണ പദ്ധതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജില്ല കേന്ദ്രങ്ങളിലും നഗരപാത നവീകരണ പദ്ധതി നടപ്പാക്കുന്നത് സർക്കാറിെൻറ പരിഗണനയിൽ. തിരുവനന്തപുരം, കോഴിക്കോട് നഗരപാത മാതൃക മറ്റ് 12 ജില്ലകളിലും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) രീതിയിലെ ആന്വിറ്റി സ്കീമിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുക. ആദ്യം നടപ്പാക്കിയ ഇടങ്ങളിൽ ലഭിച്ച സ്വീകാര്യതയാണ് പദ്ധതി വ്യാപിപ്പിക്കാൻ കാരണം. പി.പി.പി രീതിയിലാണെങ്കിലും ചുങ്കം പിരിവില്ല. കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ല കേന്ദ്രങ്ങളിലാണ് പദ്ധതി ഉടൻ തുടങ്ങുന്നത്. കണ്ണൂർ നഗരപാത നവീകരണത്തിന് വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) സമർപ്പിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തു. നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും 40 കിലോമീറ്റർ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ആലപ്പുഴ നഗരത്തിലെ റോഡ് നവീകരണത്തിന് ടെൻഡർ നടപടി തുടങ്ങി. കൊല്ലത്ത് വിശദപദ്ധതി റിപ്പോർട്ട് തയാറാക്കുന്നത് പുരോഗമിക്കുകയാണ്.
കൊച്ചിയിൽ നേരത്തേ തുടങ്ങിവെച്ച പദ്ധതി പുനരാരംഭിക്കും. താമസിക്കാതെ മറ്റ് ജില്ലകളിലെയും പദ്ധതി റിപ്പോർട്ടുകൾ സർക്കാറിന് സമർപ്പിക്കും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നവീകരണച്ചുമതല. റോഡ് നിർമാണത്തിനുള്ള ഫണ്ട് സർക്കാർ ആദ്യം മുടക്കേണ്ട എന്നതാണ് ആന്വിറ്റി സ്കീം കൊണ്ടുള്ള പ്രയോജനം. നിർമാണം പൂർത്തിയാക്കി ആറുമാസം മുതൽ 15വർഷം വരെയുള്ള കാലയളവിൽ തവണകളായാണ് കരാറുകാർക്ക് സർക്കാർ ഫണ്ട് അനുവദിക്കുക. ഇത്രയും കാലത്തെ റോഡ് പരിപാലന ചുമതലയും ഇവർക്കാണ്.
റോഡിനു ഇരുവശവും അഴുക്കുചാലുകൾ, നടപ്പാതകൾ, വിളക്കുകൾ, മാലിന്യത്തൊട്ടികൾ, സൗന്ദര്യവത്കരണം തുടങ്ങി ഒേട്ടറെ കാര്യങ്ങളാണ് പദ്ധതിയിലുള്ളത്. തിരുവനന്തപുരം നഗരത്തിൽ 42 കിലോമീറ്റർ ദൈർഘ്യത്തിലാണ് നഗരപാത വികസനം. 15 വർഷത്തേക്കാണ് പരിപാലന ചുമതല. കോഴിക്കോട് ഏഴ് റോഡുകളിലായി 30.55 കിലോമീറ്ററാണ് നഗരപാത വികസനത്തിെൻറ ആദ്യഘട്ടം. വെള്ളിമാടുകുന്ന്-മാനാഞ്ചിറ റോഡ് ഒഴികെയുള്ള ആറു റോഡുകളുടെ നവീകരണം ഏറക്കുറെ പൂർത്തിയായി. ആദ്യഘട്ടത്തിന് 275കോടിയാണ് അനുവദിച്ചത്. രണ്ടാം ഘട്ട പദ്ധതിക്കായി നൂറുകോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.