കസ്‌റ്റഡി മരണം: റൂറൽ ടൈഗർ ഫോഴ്സിനെ പിരിച്ചു വിട്ടു
text_fieldsആലുവ: വരാപ്പുഴ കസ്‌റ്റഡി മരണത്തെത്തുടർന്ന് ആരോപണം നേരിടുന്ന എസ്.പിയുടെ നിയന്ത്രണത്തിെല പ്രത്യേക പൊലീസ്് സ്‌ക്വാഡ് റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) പിരിച്ചുവിട്ടു. സ്ക്വാഡിന് കീഴിലെ സേനാംഗങ്ങളെ ആലുവയിലെ റൂറൽ പൊലീസ് ആസ്‌ഥാനത്ത് വിളിച്ചുവരുത്തി പിരിച്ചുവിട്ട കാര്യം എസ്.പി നേരിട്ടറിയിക്കുകയായിരുന്നു.
സംഘത്തിലെ മൂന്നുപേരാണ് വരാപ്പുഴയിൽ മരിച്ച ശ്രീജിത്തിനെ വീട്ടിൽനിന്ന് കസ്‌റ്റഡിയിലെടുത്തത്. അവിടെതന്നെ പൊലീസുകാർ ശ്രീജിത്തിനെ മർദിച്ചതായി വീട്ടുകാർ പറഞ്ഞിരുന്നു. എസ്.പിയുടെ നിർദേശപ്രകാരമാണ് ടൈഗർ ഫോഴ്സ് യുവാവിനെ കസ്‌റ്റഡിയിലെടുത്തതെന്ന് ആരോപണമുണ്ട്. ഇതിനിടെയാണ് പ്രത്യേകസംഘത്തെ പിരിച്ചുവിടാൻ തീരുമാനിച്ചത്.
2017 മാർച്ചിലാണ് റൂറൽ ജില്ലയിൽ പ്രത്യേക നിരീക്ഷണങ്ങൾക്കടക്കം എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആർ.ടി.എഫ് രൂപവത്കരിച്ചത്. പൊലീസ് ക്യാമ്പിൽനിന്നുള്ള 12 പൊലീസുകാരാണ് ഇതിലുണ്ടായിരുന്നത്. രണ്ട് വാഹനത്തിൽ ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. രഹസ്യവിവരങ്ങളുടെ ഭാഗമായും എസ്.പിയുടെ നിർദേശമനുസരിച്ചും ഇവർ പരിശോധനകൾ നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. മയക്കുമരുന്ന്, മണ്ണ് മാഫിയകളുടെ പ്രവർത്തനങ്ങൾക്കെതിരെയായിരുന്നു ഇവരുടെ പ്രധാന ഇടപെടൽ. ലോക്കൽ സ്‌റ്റേഷനുകളിൽനിന്ന് നടപടിയില്ലാത്ത സംഭവങ്ങൾ ഇവെരയും എസ്.പിയെയും നേരിട്ട് അറിയിച്ചാൽ നടപടി എടുക്കുകയും പ്രതികളെ പിടികൂടി അതത് സ്‌റ്റേഷനിൽ ഹാജരാക്കി കേസ് എടുപ്പിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ വരാപ്പുഴയിൽ വീടുകയറി ആക്രമണം ഉണ്ടാവുകയും തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതുമായ സംഭവം വിവാദമായപ്പോൾ എസ്.പി നേരിട്ട് നടപടിക്കൊരുങ്ങിയതിെൻറ ഭാഗമായി ആർ.ടി.എഫ് പ്രതികളെ പിടികൂടാൻ ഇറങ്ങുകയായിരുന്നെന്നാണ് അറിയുന്നത്. ആർ.ടി.എഫ് അംഗങ്ങളോടെല്ലാം തിങ്കളാഴ്ച ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.