ഗ്രാമീണ ടൂറിസം കേന്ദ്രങ്ങൾ; തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വകാര്യ നിക്ഷേപം സ്വീകരിക്കാൻ അനുമതി
text_fieldsകോഴിക്കോട്: ഗ്രാമീണ മേഖലയിൽ ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ‘ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച്’ പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വകാര്യ നിക്ഷേപം സ്വീകരിക്കാൻ അനുമതി. വിനോദസഞ്ചാര സാധ്യതകളുള്ള പ്രദേശങ്ങൾ വികസിപ്പിക്കുക ലക്ഷമിട്ട് ടൂറിസം വകുപ്പ് ആവിഷ്കരിച്ച പദ്ധതിയോട്, സാമ്പത്തിക പ്രയാസങ്ങൾ കാരണം ഒട്ടുമിക്ക പഞ്ചായത്തുകളും പുറംതിരിഞ്ഞ് നിൽക്കുകയാണ്.
ഇതോടെയാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി മാതൃകയിൽ) പദ്ധതി യാഥാർഥ്യമാക്കാൻ തദ്ദേശ വകുപ്പ് അനുമതി നൽകിയത്. പദ്ധതി പ്രഖ്യാപിച്ചപ്പോൾ ആകെ തുകയുടെ 60 ശതമാനം ടൂറിസം വകുപ്പും 40 ശതമാനം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവും ചെലവഴിക്കാനായിരുന്നു ധാരണയായത്. സാങ്കേതികാനുമതി ലഭ്യമാക്കി അടങ്കൽ തുകയുടെ 40 ശതമാനം പഞ്ചായത്തുകൾ ചെലവഴിക്കുന്ന മുറക്ക് 60 ശതമാനം തുക ടൂറിസം വകുപ്പ് ബന്ധപ്പെട്ട കരാറുകാർക്ക് നേരിട്ട് നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, വലിയ സാമ്പത്തിക ബാധ്യത മുന്നിൽക്കണ്ട് പദ്ധതി ഏറ്റെടുക്കുന്നതിന് പഞ്ചായത്തുകൾ വിമുഖത കാട്ടിയതോടെ സംസ്ഥാനതലത്തിൽ തന്നെ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് തകിടം മറിയുന്ന സ്ഥിതിയായി. തുടർന്നാണ് സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ അടക്കമുള്ള ഇളവുകൾ അനുവദിച്ചത്.
ഇനി ഗ്രാമപഞ്ചായത്തുകൾക്കും സ്വകാര്യ വ്യക്തികൾക്കും ടൂറിസം വകുപ്പിനും സംയുക്തമായി പദ്ധതി ഏറ്റെടുക്കാൻ വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കാം. പദ്ധതിയിൽനിന്നുള്ള വരുമാനത്തിന്റെ പങ്കുവെക്കലും തുടർപ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള വ്യവസ്ഥയും നിശ്ചയിക്കുമ്പോൾ സ്വകാര്യ നിക്ഷേപം ഒഴികെയുള്ള തുക പഞ്ചായത്തിന്റെ മുതൽമുടക്കായാണ് കണക്കാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ടൂറിസം വകുപ്പിന്റെ നിക്ഷേപം 40ഉം ഗ്രാമപഞ്ചായത്തിന്റേത് 20ഉം സ്വകാര്യ നിക്ഷേപം 40 ശതമാനവുമായി പരിഗണിക്കാനാണ് നിർദേശം.
സ്വകാര്യ വ്യക്തിക്ക് ലാഭപ്രതീക്ഷയില്ലാതെ പഞ്ചായത്തിനായി തുക മുതൽമുടക്കാനും അവസരമുണ്ടാകും.
ടൂറിസം ഡെസ്റ്റിനേഷനുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ഡി.പി.ആറിന് പ്രത്യേക പരിഗണന നൽകാനും സാമ്പത്തിക സഹായം ലഭ്യമാക്കാനും ബ്ലോക്ക്, ജില്ല പഞ്ചായത്തുകളോടും നിർദേശിച്ചിട്ടുണ്ട്.
ടൂറിസം വകുപ്പിന്റെ വിഹിതത്തോടൊപ്പം സഹകരണ സംഘങ്ങൾ, സഹകരണ ബാങ്കുകൾ എന്നിവയുടെ ഫണ്ടും പദ്ധതിക്ക് വിനിയോഗിക്കാം. സി.എസ്.ആർ ഫണ്ടുകൾ ലഭ്യമാക്കി പിന്നീട് അധിക സൗകര്യങ്ങൾ ഒരുക്കാനും അനുമതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.