ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് ഡോ. റുവൈസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ വെച്ച് ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത റുവൈസിനെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. തുടർന്ന് റിമാൻഡ് ചെയ്തേക്കും. കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തുന്നത് സംബന്ധിച്ച് പിന്നീട് വിശദമാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഷഹനയുമായി റുവൈസിന്‍റെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, ഉയര്‍ന്ന സ്ത്രീധനം റുവൈസിന്‍റെ വീട്ടുകാര്‍ ചോദിച്ചതോടെ വിവാഹം മുടങ്ങുകയായിരുന്നു. സ്ത്രീധനമായി 150 പവനും 15 ഏക്കറും ബി.എം.ഡബ്ല്യു കാറുമാണ് റുമൈസിന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടത്. ഇത് നൽകാനാവാത്തതിനെ തുടർന്ന് റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് ഷഹനയുടെ കുടുംബം ആരോപിക്കുന്നു. ഇതേത്തുടർന്ന് ഷഹന മാനസികമായി തകർന്നിരുന്നു.
ഡിസംബർ നാലിന് രാത്രിയാണ് ഷഹനയെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അേന്വഷിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഷഹനയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.