കെ റെയിൽ സംവാദത്തിൽ ആഞ്ഞടിച്ച് ആർ.വി.ജി. മേനോൻ: 'ഇപ്പോഴത്തെ ചർച്ച മര്യാദകേട്, എന്ത് വില കൊടുത്തും നടപ്പാക്കുമെന്നത് ഭീകര പ്രസ്താവന'
text_fieldsതിരുവനന്തപുരം: കെ റെയിൽ സംവാദത്തിൽ രൂക്ഷമായ പ്രതികരണവുമായി പദ്ധതിയെ എതിർത്ത് കൊണ്ട് സംസാരിക്കുന്ന ഏക അംഗമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ അധ്യക്ഷൻ ആർ.വി.ജി. മേനോൻ. കെ റെയിൽ സംബന്ധിച്ച് ഇപ്പോൾ നടത്തുന്ന ചർച്ച മര്യാദകേടാണെന്ന് അദ്ദേഹം തുറന്നടിച്ചു.
മൂന്ന്, നാല് കൊല്ലം മുമ്പ് നടത്തേണ്ട ചർച്ചയാണിത്. ഞങ്ങൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞുവെന്നും എന്ത് വില കൊടുത്തും നടപ്പാക്കുമെന്നുമുള്ളത് ഭീകരമായ പ്രസ്താവനയാണ്. ഈ പ്രസ്താവന നടത്തിയിട്ട് ഇനി ചർച്ച നടത്താമെന്ന് പറയുന്നതിൽ മര്യാദകേടുണ്ടെന്നും മേനോൻ ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ വിശദവിവരങ്ങൾ തീരുമാനിക്കുന്ന സമയത്ത് വ്യാപക ചർച്ച നടത്തണം. ഇത്തരം ആശയങ്ങൾ ആരുടെയും തലയിൽ പൊട്ടിമുളക്കുന്നതല്ല. ജനങ്ങളുടെ ഇടയിൽ നിന്ന് പലതരത്തിലുള്ള അഭിപ്രായങ്ങൾ പറയും. വിവിധ മേഖലകളിൽ താൽപര്യമുള്ളവരും വൈധഗ്ദ്യമുള്ളവരും വിദേശ പദ്ധതികളിൽ പ്രവർത്തിച്ചവരുമുണ്ട്.
ഇത്തരക്കാരുമായി വ്യാപക ആലോചനകൾ നടത്തി കേരളത്തിന്‍റെ റെയിൽ വികസനത്തിന് ഉപയുക്തമായ പദ്ധതിയാണ് വേണ്ടതെന്ന് തീരുമാനിച്ച ശേഷമാണ് മുന്നോട്ടു പോകേണ്ടതെന്നും ആർ.വി.ജി. മേനോൻ വ്യക്തമാക്കി.
കേരളത്തിന്‍റെ ഗതാഗത വികസനത്തിന് റെയിൽവേക്ക് വലിയ പങ്കുണ്ട്. ഇപ്പോൾ നാലുവരി പാതക്കാണ് പദ്ധതിയിട്ടത്. കുറച്ചു കഴിയുമ്പോൾ ആറു വരി വേണമെന്നും എട്ടുവരി വേണമെന്നും പറയും. 12 വരിയുള്ള പാതയിലൂടെ യാത്ര ചെയ്തപ്പോൾ അവിടെയും തിരക്കാണ്.
ഹൈവേ വികസനം വരാത്തത് നാട്ടുകാർ എതിർത്തിട്ടാണെന്ന് പറയാൻ എളുപ്പമാണ്. അരൂർ മുതൽ ചേർത്തല വരെ നാലുവരി പാത വന്നിട്ട് 20 വർഷമായി. അന്നു തന്നെ ചേർത്തല മുതൽ തിരുവനന്തപുരം വരെ നാലുവരിക്കുള്ള സ്ഥലം ഏറ്റെടുത്തിരുന്നു. നാട്ടുകാർ എതിർത്തിട്ടല്ല മറിച്ച് കാര്യങ്ങൾ നേരാവണ്ണം സമയത്തിന് ചെയ്യാനുള്ള അധികൃതരുടെ കഴിവുകേട് കൊണ്ടാണ് പാത വരാതിരുന്നത്.
നാട്ടുകാർ എതിർത്തത് കൊണ്ടല്ല, പാത ഇരട്ടിപ്പ് നടക്കാത്തതാണ് കേരളത്തിൽ റെയിൽവേ വികസനം വൈകാൻ കാരണം. ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള പാതാ വികസനം മുടങ്ങിയിട്ട് 30 വർഷമായി. ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള ഇച്ഛാശേഷി രാഷ്ട്രീയ നേതൃത്വത്തിന് ഇല്ലാത്തതാണ് ഇതിന് കാരണം. റെയിൽവേക്ക് കേരളത്തിനോട് അവഗണനയാണ്. വികസനത്തിൽ രാഷ്ട്രീയമുണ്ട്. ഇക്കാര്യം കനിമൊഴി എം.പി തന്നെ പാർലമെന്‍റിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വികസനമാണോ എന്ന് ചോദിച്ചാൽ കെ റെയിൽ പദ്ധതിക്ക് പല പ്രശ്നങ്ങളുമുണ്ട്. സ്റ്റാൻഡേർഡ് ഗേജ് മതിയെന്ന് എങ്ങനെ, ആര്, ഏത് വിധത്തിൽ തീരുമാനിച്ചെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അത് ചോദിക്കുന്നതിൽ രാഷ്ട്രീയമുണ്ടെങ്കിൽ ആ രാഷ്ട്രീയം നല്ലതാണ്. പദ്ധതി സംബന്ധിച്ച് എങ്ങനെയാണ് തീരുമാനം എടുക്കുന്നതെന്ന് ജനങ്ങൾ അറിയണം.
ഞങ്ങൾ തീരുമാനിച്ചതാണ് വികസനമെന്നും അതിനെ എതിർക്കുന്നവർ പിന്തിരിപ്പാന്മാരാണെന്ന് പറയുന്നത് സമ്മതിച്ചു തരാൻ സാധിക്കില്ല. ദീർഘ ദൂരയാത്രക്കാർക്കൊന്നും കെ റെയിലിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്നും ആർ.വി.ജി മേനോൻ സംവാദത്തിൽ ചൂണ്ടിക്കാട്ടി.
വിവാദങ്ങൾക്കിടെയാണ് കെ. റെയിൽ അധികൃതർ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച സംവാദം സംഘടിപ്പിച്ചത്. മുൻ റെയിൽവേ ബോർഡ് അംഗം സുബോധ് ജെയിൻ, ഡോ. കുഞ്ചെറിയ പി. ഐസക്, എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ പദ്ധതിയെ അനുകൂലിച്ചും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ അധ്യക്ഷൻ ആർ.വി.ജി. മേനോൻ പദ്ധതിയെ എതിർത്തും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.