അയ്യൻകാളിയെ അധിക്ഷേപിക്കുമ്പോൾ അപമാനിക്കപ്പെടുന്നത് മലയാളികളെന്ന് എസ്. ഹരീഷ്
text_fieldsകൊച്ചി: അയ്യൻകാളിയെ അധിക്ഷേപിക്കുമ്പോൾ അപമാനിക്കപ്പെടുന്നത് മലയാളികളെന്ന് എഴുത്തുകാരൻ എസ്. ഹരീഷ്. ആധുനിക കേരള ശില്പി മഹാത്മാ അയ്യൻകാളിയെ അധിക്ഷേപിക്കുന്ന സാംസ്കാരിക ജീർണതക്കെതിരെ ദലിത് സമുദായ മുന്നണിയുടെ നേതൃത്വത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ ജനകീയ സദസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആധുനിക ജനാധിപത്യ കേരളം രൂപപ്പെട്ടത് മഹാത്മാ അയ്യൻകാളിയുടെ പ്രവർത്തനങ്ങളിലൂടെയാണ്. അയ്യൻകാളി അപമാനിക്കപ്പെടുമ്പോൾ അദ്ദേഹത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നും മറിച്ചു മലയാളികളാണ് അപമാനിക്കപ്പെടുന്നതെന്നും എസ്. ഹരീഷ് പറഞ്ഞു. സമ്മേളനം ഡി.എസ്.എം ചെയർമാൻ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു.
അയ്യൻകാളി അധിക്ഷേപിക്കപ്പെടുമ്പോൾ ആധുനിക കേരളമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും കേരളത്തിന്റെ ജാതീയതയാണ് അധിക്ഷേപത്തിലൂടെ വെളിവാകുന്നതെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അയ്യൻകാളിയെ അപമാനിക്കുന്ന സാംസ്കാരിക ജീർണ്ണതക്കെതിരെ സോഷ്യൽ മീഡിയിലൂടെയെങ്കിലും ഒരു പ്രസ്താവന നടത്താൻ കേരളത്തിലെ സാംസ്കാരിക പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല എന്നത് കേരളത്തിന്റെ ഈ ജാതിജീവിതത്തെ കൂടുതൽ വ്യക്തമാക്കുന്നതാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യാതെ ആഭ്യന്തര മന്ത്രി പിണറായി വിജയൻ എന്തിനാണ് അയ്യൻകാളി പ്രതിമയിൽ മാലയിടുന്നതെന്ന് ജനങ്ങൾ ചോദിക്കണം.
മന്ത്രി കെ. രാധാകൃഷ്ണൻ വരെ ജാതിവെറിയെ നിസാരമായി കാണുന്നത് ദലിതർ ഒരു വോട്ടുബാങ്കല്ലാത്തത് കൊണ്ടാണെന്നും അതുകൊണ്ട് ദലിതരുടെ വോട്ട് ആർക്കും തീറാധാരമായി എഴുതി നൽകിയിട്ടില്ലെന്ന് പ്രഖ്യാപിക്കാൻ ദലിതർ ഒരു വോട്ടുബാങ്കായി മാറുകയാണ് വേണ്ടതെന്നും അദ്ദഹം പറഞ്ഞു.
സമ്മേളനത്തിൽ ഡോ. ടി.എൻ. ഹരികുമാർ അധ്യക്ഷത വഹിച്ച. ഡി.എസ്.എം ജനറൽ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് സ്വാഗതം പറഞ്ഞു. ജനകീയ സദസിൽ ചരിത്രകാരൻ ചെറായി രാമദാസ്, കവി സി.എസ്. രാജേഷ്, ചിത്ര നിലമ്പൂർ, സലാലുദ്ദീൻ അയുബി, പ്രഫ. കുസുമം ജോസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.