'താങ്കളുടെ സൗജന്യത്തിനായി ഇനി കാത്തിരിക്കുന്നില്ല'; മുഖ്യമന്ത്രിക്ക് എസ്. ജയചന്ദ്രൻ നായരുടെ കത്ത്
text_fieldsതിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ നിഷേധിക്കുന്നതിനെതിരെ മുതിർന്ന പത്രപ്രവർത്തകൻ എസ്. ജയചന്ദ്രൻ നായർ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. 50ലേറെ വർഷം പത്രപ്രവർത്തകനായിരുന്നു താൻ. എന്നാൽ സമ്പാദ്യം വട്ടപ്പൂജ്യമായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോഴെങ്കിലും പെൻഷൻ കിട്ടുമെന്ന് കരുതി. താങ്കളുടെ സൗജന്യത്തിനായി, മതി ഇനി കാത്തിരിക്കുന്നില്ലെന്ന് ജയചന്ദ്രൻ നായർ കത്തിൽ പറയുന്നു.
എട്ടുവർഷമായി പെൻഷന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും അപേക്ഷ പരിഗണിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു.
മലയാളത്തിലെ പ്രമുഖ പത്രപ്രവർത്തകരിലൊരാളായ എസ്. ജയചന്ദ്രൻ നായർ ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. പിന്നീട്, മലയാളം വാരികയിലെത്തി. 1970ന് ശേഷമുള്ള മലയാള സാഹിത്യരംഗത്തെ നിരവധി നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിൽ ജയചന്ദ്രൻ നായർ മുൻനിരയിലായിരുന്നു. 2012ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ 'എന്റെ പ്രദക്ഷിണ വഴികൾ' എന്ന പുസ്തകത്തിന് ലഭിച്ചു. പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും നിർമാണവും നിർവഹിച്ചു. നിരവധി സാഹിത്യകൃതികളും തിരക്കഥകളും രചിച്ചിട്ടുണ്ട്.
എസ്.ജയചന്ദ്രന്‍ നായരുടെ കത്തിന്‍റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
ബാലറ്റിലൂടെ കമ്യൂണിസം നടപ്പാക്കാന്‍ ഇ.എം.എസ്സും പാര്‍ട്ടിയും കഠിനമായി ശ്രമിക്കുന്ന കാലത്താണ്, അന്‍പത്തിയേഴില്‍ എന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. 2012ല്‍ അതവസാനിപ്പിക്കുമ്പോള്‍ അന്‍പതില്‍പരം കൊല്ലങ്ങള്‍ പിന്നിട്ടിരുന്നുവെങ്കിലും സമ്പാദ്യം വട്ടപ്പൂജ്യമായിരുന്നു. ആ സാഹചര്യത്തിലാണ്, പത്രപ്രവര്‍ത്തക ക്ഷേമനിധി പെന്‍ഷന്‍ എനിക്കൊരു സഹായമാകുമെന്ന് പ്രതീക്ഷിച്ചത്. അതും കാത്ത്, ഏതാണ്ട് എട്ടു കൊല്ലം പിന്നിട്ടു. ഇടയ്ക്കുവെച്ച്, മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടി എന്റെ അപേക്ഷ ചവറ്റുകുട്ടയില്‍ കളഞ്ഞതായി അറിഞ്ഞു. അപ്പോഴും എനിക്ക് പ്രതീക്ഷ നഷ്ടമായില്ല. ശ്രീ. പിണറായി മുഖ്യമന്ത്രിയാകുന്നതോടെ പെന്‍ഷന്‍ അനുവദിക്കുമെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല. താങ്കളുടെ സൗജന്യത്തിനായി, മതി ഇനി കാത്തിരിക്കുന്നില്ല.
സഖാവേ, ലാല്‍സലാം.
വിധേയന്‍
എസ്. ജയചന്ദ്രന്‍ നായര്‍, ബാംഗ്ലൂര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.